വില്ലിംഗ്ടൺ: കൃഷിത്തോട്ടത്തിൽ അസാമാന്യ വലിപ്പമുള്ള ഉരുളക്കിഴങ്ങ് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ന്യൂസിലാൻഡിലെ ഒരു കർഷക ദമ്പതികൾ. കോളിൻ-ഡോണ ദമ്പതികളുടെ കൃഷിഫാമിലാണ് ഉരുളക്കിഴങ്ങ് വിളഞ്ഞിരിക്കുന്നത്. നിത്യോപയോഗത്തിനായാണ് ഇരുവരും ഇവിടെ കൃഷി ചെയ്യുന്നത്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം ഇരുവരുടേയും കൃഷിയിടത്തിലുണ്ട്. ഭീമൻ ഉരുളക്കിഴങ്ങിനെ കണ്ടപ്പോഴുണ്ടായ കൗതുകം ഫേസ്ബുക്കിലൂടെയാണ് ഡോണയും കോളിനും അറിയിച്ചത്. പിന്നാലെ ഉരുളക്കിഴങ്ങിനെ കാണാനായി പ്രദേശത്ത് നിന്നും നിരവധി പേരാണ് എത്തുന്നത്.
ഹാമിൽടണ്ണിലെ കൃഷിയിടത്തിൽ പതിവ് പോലെ കളകൾ നീക്കുമ്പോഴാണ് കോളിന്റെ തൂമ്പയിൽ വലിപ്പമേറിയതെന്തോ തടയുന്നത്. തുടർന്ന് അതെന്താണെന്ന് അറിയാൻ കോളിൻ ഡോണ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. കുഴിച്ചെടുത്തപ്പോൾ ലഭിച്ചതെന്താണെന്ന് ആദ്യം ആർക്കും മനസിലായില്ല. പിന്നാലെ ഒരു കഷണം മുറിച്ച് എടുത്ത് രുചിച്ചു നോക്കി. അപ്പോഴാണ് അത് ഉരുളക്കിഴങ്ങ് ആണെന്ന് മനസിലാകുന്നത്.
തങ്ങൾക്ക് വിശ്വസിക്കാനെ സാധിക്കുന്നില്ലെന്നാണ് ഡോണ പറഞ്ഞത്. വീട്ടിൽ വെച്ച് തന്നെയാണ് ആദ്യം ഇതിന്റെ ഭാരം അളന്നത്. 7.9 കിലോ ഗ്രാമായിരുന്നു അപ്പോഴുണ്ടായിരുന്നത്. ഉറപ്പുവരുത്താനായി സമീപത്തെ കടയിലും കൊണ്ടുപോയി ഭാരം നോക്കിയെന്ന് ഡോണ അറിയിച്ചു. ഈ ഭീമൻ ഉരുളക്കിഴങ്ങിന് ഡൗഗ് എന്നാണ് ദമ്പതികൾ നൽകിയിരിക്കുന്ന പേര്. ഡൗഗിനായി ചെറിയൊരു വാഹനവും ഇരുവരും നിർമ്മിച്ചിട്ടുണ്ട്.
എട്ട് കിലോയുള്ള ഉരുളക്കിഴങ്ങാണ് കൃഷിത്തോട്ടത്തിൽ വിളഞ്ഞിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ദമ്പതികൾ. ഇതിന് ആവശ്യമായുള്ള ഡാറ്റകൾ സമർപ്പിച്ചിട്ടുണ്ട്. അഞ്ച് കിലോ ഭാരമുള്ള ബ്രിട്ടനിൽ നിന്നുള്ള ഉരുളക്കിഴങ്ങിനാണ് നിലവിൽ റെക്കോർഡുള്ളത്.
വിളവെടുത്തിട്ട് അധികം ദിവസമായതിനാൽ ഉരുളക്കിഴങ്ങിന്റെ ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗിന്നസ് റെക്കോർഡിനായുള്ള നടപടികൾക്ക് ശേഷം ഡൗഗിനെ ഉരുളക്കിഴങ്ങ് വോഡ്കയാക്കി നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികൾ.
















Comments