കൊച്ചി: കാറിൽ ഫാൻസി നമ്പർപ്ലേറ്റ് ഘടിപ്പിച്ചതിന് നടൻ ജോജു ജോർജിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കേരളത്തിലെ ഗതാഗത നിയമം ലംഘിച്ചാണ് ജോജു കാറുകൾ ഉപയോഗിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന് കളമശ്ശേരി സ്വദേശി മനാഫ് പുതുവായിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോജുവിനെതിരെ നടപടി എടുത്തത്.
ഫാൻസി നമ്പർപ്ലേറ്റ് ഘടിപ്പിച്ചതിന് പിഴയടച്ച ശേഷം അതിസുരക്ഷ നമ്പർപ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആർടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡറിനെതിരെയാണ് ഈ നടപടി. പിഴ അടച്ച് കേസ് അവസാനിപ്പിച്ചില്ലെങ്കിൽ നടപടിക്രമം പൂർത്തിയാകുന്നതുവരെ കാറിന്റെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു.
ജോജുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാർ ഹരിയാന രജിസ്‌ട്രേഷനിലുള്ളതാണെന്നും മനാഫ് നൽകിയ പരാതിയിൽ പറയുന്നു. ഈ കാർ കേരളത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ ചാലക്കുടിയിലെ മോട്ടോർ വാഹന വകുപ്പ് നീക്കം തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ ഉപരോധം നാട്ടുകാരെ വലച്ചതോടെയാണ് നടൻ ജോജു ജോർജ് പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടർന്ന് സമരക്കാർ പിരിഞ്ഞുപോയെങ്കിലും ജോജു ജോർജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർക്കുകയായിരുന്നു.
















Comments