ന്യൂയോർക്ക്: നവംബർ 19ന് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വീക്ഷിക്കാനാകുമെന്ന് നാസ. കാർത്തിക പൂർണിമ നാളാണ് നവംബർ 19. ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുന്നത് ഏറെ ദൈർഘ്യമുള്ള ചന്ദ്രഗ്രഹണത്തിനിടയാക്കുമെന്ന് നാസ അറിയിച്ചു. മൂന്നു മണിക്കൂർ, 28 മിനിട്ട്, 23 സെക്കൻഡ് സമയം ഗ്രഹണം നീണ്ടുനിൽക്കും. അതിനാൽ 2001 നും 2100 നുമിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമാണിത്.
ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ഓടെ ചന്ദ്രഗ്രഹണം പൂർണ നിലയിലെത്തും. ചന്ദ്രന്റെ 97 ശതമാനം ഭാഗവും ഭൂമിയുടെ മറയിലായി സൂര്യപ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രന് ചുവപ്പു കലർന്ന നിറമാണുണ്ടാവുക. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗ്രഹണം കാണാനാകും.
അമേരിക്കയുടെ 50 സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകും. മെക്സിക്കോ, ആസ്ട്രേലിയ, ഈസ്റ്റ് ഏഷ്യാ നോർത്തേൺ യൂറോപ്പ്, പസഫിക് ഓഷ്യൻ പ്രദേശം എന്നിവിടങ്ങളും ഗ്രഹണം കാണാനാകും. 21ാം നൂറ്റാണ്ടിൽ ആകെ 228 ചന്ദ്രഗ്രഹണമുണ്ടാകുമെന്നാണ് നാസ അറിയിക്കുന്നത്.
പുറത്തിറങ്ങി പുലർച്ചെ 2.19നും 5.47നും ഇടയിൽ ആകാശത്തേക്ക് നോക്കിയാൽ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ഒരു വർഷം രണ്ട് ഗ്രഹണങ്ങൾ എന്ന നിരക്കിലാണ് ഇവ സംഭവിക്കുന്നത്. നവംബർ 19 കഴിഞ്ഞാൽ അടുത്ത ഗ്രഹണം 2022 മേയ് 16നാണ് ഉണ്ടാവുകയെന്നും നാസ അറിയിച്ചു.
















Comments