ന്യൂഡൽഹി : വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടക്കാൻ ഇന്ത്യ തയ്യാറാണെന്ന് പൊതുമേഖല ബാങ്കിംഗ് ഭീമനായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേഷ് കുമാർ ഖര. കൊറോണ വാകിനേഷന്റെ വിജയകുതിപ്പിലൂടെ ഇന്ത്യ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറെടുത്തു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വാക്‌സിൻ യജ്ഞം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. പ്രത്യേകിച്ചും ആഭ്യന്തരമായി നിർമ്മിച്ച വാക്സിൻ വലിയ തോതിൽ ഉപയോഗിക്കുന്നതിൽ അഭിമാനിക്കാം. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിക്കുന്നതിനിടെയായിരുന്നു എസ്ബിഐ ചെയർമാന്റെ പരാമർശം. സന്ദർശനത്തിനിടെ അവസരങ്ങൾ നിറഞ്ഞ യഥാർത്ഥ ഇന്ത്യയെ ലോകത്തിനു മുൻപിൽ ആകർഷകമായ രീതിയിൽ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വേഗത്തിലുള്ള വാക്‌സിനേഷൻ സാധാരണക്കാരന്റെ ആത്മവിശ്വാസം വളർത്തി. സമ്പദ്‌വ്യവസ്ഥയ്‌ക്ക് കൈത്താങ്ങായി. രാജ്യം കടുത്ത വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്ന് പോയി. എന്നാൽ അതിൽ നിന്ന് വിജയകരമായ രീതിയിൽ ഇന്ത്യ പുറത്ത് വന്നതായി അദ്ദേഹം പറഞ്ഞു. കുതിപ്പ് തുടരുമ്പോൾ ആ യാത്ര കൂടുതൽ എളുപ്പമായിരിക്കും.വളർച്ചയ്‌ക്ക് വലിയ അവസരം ഉണ്ടാവുമെന്ന് ആത്മവിശ്വാസം നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും ആ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും കേന്ദ്രസർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തി.ഇത് സമ്പദ് വ്യവസ്ഥയുടെ പ്രധാനമേഖലകൾക്ക് ഉത്തേജനം നൽകാൻ സഹായകമായിതീർന്നു. സ്വകാര്യ കോർപ്പറേറ്റ് മേഖലകളും നിക്ഷേപങ്ങളുമായി വരുന്നതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
















Comments