മുംബൈ: എൻസിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ 1.25 കോടി രൂപയുടെ മാനനഷ്ടക്കേസുമായി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ്. മുംബൈ ഹൈക്കോടതിയിലാണ് അപേക്ഷ നൽകുക.
അഭിഭാഷകനായ അർഷാദ് ഷെയ്ഖ് മുഖാന്തിരമാണ് 72 കാരനായ ധ്യാൻദേവ് വാങ്കഡെ ഹർജി ഫയൽ ചെയ്യാൻ അനുമതി തേടിയത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നവാബ് മാലിക്ക് നിരന്തരം പ്രസ്താവന നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്.
അവധിസമയമായതിനാലാണ് ഹർജി ഫയൽ ചെയ്യാൻ കോടതിയുടെ അനുമതി തേടിയത്. സമീർ വാങ്കഡെയ്‌ക്കും കുടുംബത്തിനുമെതിരെ എഴുത്തിലൂടെയോ വാക്കാലോ പ്രസ്താവന നടത്തുന്നതിൽ നിന്നും നവാബ് മാലിക്കിനെയും എൻസിപി നേതാക്കളെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തന്റെ മകളും സമീർ വാങ്കഡെയുടെ സഹോദരിയുമായ യാസ്മിന്റെ അഭിഭാഷക ജോലി പോലും മാലിക്കും അനുയായികളും ഇല്ലാതാക്കിയെന്നും ഹർജിയിൽ പറയുന്നു.
ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് പിടികൂടിയതിന് പിന്നാലെയാണ് സമീർ വാങ്കഡെയ്‌ക്കെതിരെ തുടർച്ചയായ ആരോപണവുമായി നവാബ് മാലിക്കും അനുയായികളും രംഗത്തെത്തിയിരുന്നത്. നേരത്തെ മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും ലഹരി കേസിൽ സമീർ വാങ്കഡെ പിടികൂടിയിരുന്നു. ഇതിന്റെ വിരോധമാണ് മന്ത്രിയുടെ ആക്രമണത്തിന് പിന്നിലെന്നാണ് ധ്യാൻദേവ് വാങ്കഡെ ചൂണ്ടിക്കാട്ടുന്നത്.
സമീർ വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണ് ജോലി നേടിയതെന്നും മതപരിവർത്തനം നടത്തിയെന്നും ഉൾപ്പെടെയുളള ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. ഇതെല്ലാം സമീർ വാങ്കഡെയും കുടുംബവും നിഷേധിച്ചിരുന്നു. ജാതി തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ ഇവർ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
Comments