തിരുവനന്തപുരം: ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് കേരളം അനുമതി നൽകിയതുമായി ബന്ധപ്പെട്ട് വേറിട്ട പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് തമിഴ്‌നാട് മരംമുറി ആരംഭിച്ചിരിക്കാമെന്ന മറുപടിയാണ് ശശീന്ദ്രൻ നൽകിയത്. അനുമതി കിട്ടിയാൽ അവർ മുറിക്കുമെന്നും അത് ഞാൻ അറിയേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു.
ശനിയാഴ്ച രാത്രിയാണ് ഉത്തരവിനെ കുറിച്ച് അറിഞ്ഞത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുകയാണെന്നും എ.കെ ശശീന്ദ്രൻ അറിയിച്ചു.
മരംമുറി ഉത്തരവിൽ സംസ്ഥാനത്തിന്റെ വനംവകുപ്പ് മന്ത്രി നടത്തിയ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതേസമയം ഉദ്യോഗസ്ഥരെ പഴിചാരി തടിതപ്പുകയാണ് സംസ്ഥാന സർക്കാരും. ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രിമാർ വാദിക്കുമ്പോഴും പല ഉദ്യോഗസ്ഥർക്കും ഉത്തരവിന്റെ പകർപ്പ് ലഭിച്ചിരുന്നായി തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതായാണ് വിവരം.
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം.
Comments