മുംബൈ : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻസിബിയ്‌ക്ക് മുൻപിൽ ഹാജരാകാതെ ആര്യൻ ഖാൻ. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു താരപുത്രൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറിയത്. തിങ്കളാഴ്ച വീണ്ടും ആര്യനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഞായറാഴ്ച വൈകീട്ട് 6 നും 8 നും ഇടയ്‌ക്ക് മുംബൈയിലെ എൻസിബി ഓഫീസിൽ ഹാജരാകാനായിരുന്നു അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ഉച്ചയ്‌ക്കാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ആര്യനുൾപ്പെടെയുള്ളവർക്ക് കൈമാറിയത്. എന്നാൽ വൈകീട്ടോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ആര്യൻ അറിയിക്കുകയായിരുന്നു.
നിലവിൽ ഡൽഹി സോണിലെ പ്രത്യേക അന്വേഷണ സംഘമാണ് ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ആരംഭമെന്നോണമാണ് ആര്യനുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം. ചോദ്യം ചെയ്യുന്നതിനായി എൻസിബി സംഘം ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിയിട്ടുണ്ട്. ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.
ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, പ്രഭാകർ സാലി, പൂജ ദാദൽനി, മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലികിന്റെ മരുമകൻ സമീർ ഖാൻ എന്നിവരുൾപ്പെടെ കേസുമായി ബന്ധമുള്ള പ്രധാനികളെയെല്ലാം എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആര്യനൊപ്പം, പൂജ, പ്രഭാകർ സാലി എന്നിവരിൽ നിന്നും എൻസിബി മൊഴിയെടുക്കും.
Comments