കൊച്ചി: കോൺഗ്രസ് പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത സംഭവത്തെ തുടർന്ന് ലൊക്കേഷനുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രകടനങ്ങളിൽ ഇടപെടണമെന്ന് ഫെഫ്ക. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കത്ത് അയച്ചു. മുണ്ടക്കയത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയ പശ്ചാത്തലത്തിലാണ് ആവശ്യവുമായി ഫെഫ്ക എത്തിയത്.
സിനിമാ ലൊക്കേഷനുകളിൽ ഇത്തരം പ്രതിഷേധങ്ങൾ തുടരുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിരുന്നു. ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴിൽ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാൻ അനുവദിക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
സംഭവത്തിൽ ജോജുവുമായുള്ള കോൺഗ്രസ് നേതാക്കളുടെ ഒത്തുതീർപ്പ് അട്ടിമറിച്ചത് താനല്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ജോജുവിന്റെ വിഷയത്തിൽ ഇടപെട്ടത് പ്രതിസന്ധിഘട്ടത്തിൽ ഒരു സിനിമാപ്രവർത്തകനും ഒറ്റപ്പെട്ട് പോകരുത് എന്ന ഫെഫ്കയുടെ പൊതുനിലപാടിനാലാണ്. പ്രശ്‌നം ഒത്തുതീർക്കണോ വേണ്ടയോ എന്നത് ജോജുവിന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണെന്നും കത്തിൽ കുറിയ്‌ക്കുന്നു.
















Comments