തിരുവനന്തപുരം : ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ ഉരുണ്ട് കളിച്ച് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ഖസാകിസ്താനിലെ ഒപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ ഇപ്പോൾ പറയുന്നത്. വിവാദമുയർന്നപ്പോൾ വിയറ്റ്‌നാമിലെ ഒപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദയുടെ വാദം.
ലോകായുക്തയ്‌ക്ക് നൽകിയ വിശദീകരണത്തിലാണ് ഖസാകിസ്താനിലെ ഒപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹിക രംഗത്ത് കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങളാണ് തന്നെ ഡോക്ടറേറ്റിന് അർഹയാക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. അതേസമയം വിദ്യാഭ്യാസ യോഗ്യതയിലും തെറ്റുണ്ടെന്നും ഷാഹിദ ലോകായുക്തയ്‌ക്ക് മുൻപാകെ വെളിപ്പെടുത്തിയിട്ടുണ്ട്.
2009ൽ കാസർകോട് ലോക്‌സഭാ സീറ്റിലും 2011-ൽ ചടയമംഗലം നിയമസഭാ സീറ്റിലും മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ ബികോം ആണ് വിദ്യാഭ്യാസ യോഗ്യതയെന്നാണ് ഷാഹിദാ കമാൽ പറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ കേരളസർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ഉണ്ട്. എന്നാൽ ഇതിലെല്ലാം പിഴവുണ്ടെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയോട് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം 2016 ൽ അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ടെന്നും, ഭർത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയെന്നും ഷാഹിദ അവകാശപ്പെടുന്നു.
ചാനൽചർച്ചയ്‌ക്കിടെയായിരുന്നു ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കിയത്. ഇതിന് പിന്നാലെയാണ് വിയറ്റ്‌നാമിലെ ഒപ്പൺ യൂണിവേഴ്‌സിറ്റിയാണ് ഡോക്ടറേറ്റ് നൽകിയതെന്ന വാദവുമായി ഷാഹിദ രംഗത്ത് വന്നത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് ആരോപിച്ച് വട്ടപ്പാറ സ്വദേശി അഖില ഖാൻ ആണ് ലോകായുക്തയെ സമീപിച്ചത്.
















Comments