തിരുവനന്തപുരം : സ്‌കൂൾ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിലെ കപ്പലണ്ടി മിഠായിയിൽ മാരക വിഷാംശം കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കേസ് എടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ കെ.വി മനോജ് കുമാറാണ് സ്വമേധയാ കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അഫ്‌ളോടോക്‌സിൻ ബി 1 എന്ന വിഷാംശമാണ് കപ്പലണ്ടി മിഠായിയിൽ അടങ്ങിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന കപ്പലണ്ടി മിഠായിയിൽ മാരക വിഷാംശം കണ്ടെത്തിയത്. തിരുവനന്തപുരത്തെ അനലറ്റിക് ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു വിഷാംശം ഉള്ളതായി വ്യക്തമായത്.
ഭക്ഷ്യ ഭദ്രതാ അലവൻസ്’ പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളിലാണ് കപ്പലണ്ടി മിഠായി നൽകുന്നത് . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം സപ്ലൈകോ ഇതുവരെ 30 ലക്ഷം കുട്ടികൾക്കുള്ള കിറ്റ് വിതരണം ചെയ്തിട്ടുണ്ട്.
















Comments