ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്താൻ വ്യാജ ട്വീറ്റുമായി കോൺഗ്രസ് എംപി ശശി തരൂർ. മോർഫ് ചെയ്ത ലോറിയുടെ ചിത്രമാണ് ഇക്കുറി ശശി തരൂർ പ്രധാനമന്ത്രിയ്‌ക്കെതിരെ ട്വിറ്ററിൽ ആയുധമാക്കിയത്. എന്നാൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ എംപി ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.
കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. നമ്പർപ്ലേറ്റിന്റെ ഭാഗത്ത് മോദിയ്‌ക്കെതിരെ ബോർഡുവെച്ചുകൊണ്ടുള്ള ലോറിയുടെ ചിത്രമായിരുന്നു എംപി പങ്കുവെച്ചത്. ഹോൺ മുഴക്കരുത്, മോദി ഉറങ്ങുകയാണെന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. മോദി സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ മറ്റ് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഏറ്റെടുത്തു.
എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ തരൂരിന്റെ ട്വീറ്റ് വ്യാജമാണെന്ന വസ്തുത പുറത്തുവന്നു. 2011 ൽ ഒരു മാദ്ധ്യമ വാർത്തയ്‌ക്കൊപ്പം വന്ന ലോറിയാണ് തരൂർ മോർഫ് ചെയ്ത് ട്വീറ്റ് ചെയ്തത്. ബോർഡില്ലാത്തതാണ് യഥാർത്ഥ ചിത്രം. സത്യാവസ്ഥ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി ആളുകൾ എത്തി. തുടർന്ന് തരൂർ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം മോർഫ് ചെയ്ത ലോറിയുടെ ചിത്രം ഇതിന് മുൻപും കോൺഗ്രസ് പ്രവർത്തകർ മോദിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നു. 2019 മാർച്ച് 15 ന് ഇതേ ചിത്രം കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
















Comments