തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാമിന്റെ മരംമുറിയുമായി
ബന്ധപ്പെട്ട വിവാദങ്ങളിൽ മലക്കം മറിഞ്ഞ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെയും, തമിഴ്‌നാട്ടിലെയും അധികൃതർ ചേർന്ന് സംയുക്ത പരിശോധന നടത്തിയെന്നാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം ശശീന്ദ്രൻ ഇക്കാര്യം നിഷേധിച്ചിരുന്നു.
നിയമസഭയിലായിരുന്നു ശശീന്ദ്രൻ ആരോപണം നിഷേധിച്ചത്. എന്നാൽ പറഞ്ഞകാര്യങ്ങളിൽ തെറ്റുണ്ടെന്നും, പ്രസ്തവന തിരുത്തണമെന്നും മന്ത്രി ഇന്ന് വ്യക്തമാക്കുകയായിരുന്നു. പ്രസ്താവന തിരുത്തുന്നതിനായി സ്പീക്കർക്ക് ശശീന്ദ്രൻ നോട്ടീസ് നൽകി.
മരംമുറിക്കാൻ അനുമതി നൽകിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ വനംവകുപ്പിന് പങ്കില്ലെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ അധികൃതർ പരിശോധന നടത്തിയെന്ന സ്ഥിരീകരണം ഈ വാദം പൊളിക്കുന്നു. സംയുക്ത പരിശോധന നടത്തിയ ശേഷം പുറത്തിറങ്ങിയ ഉത്തരവിന് പിന്നിൽ സർക്കാരിന്റെ അറിവുണ്ടെന്ന സംശയമാണ് ഇത് ബലപ്പെടുത്തുന്നത്.
മുല്ലപ്പെരിയാറിന്റെ സുരക്ഷ ഉറപ്പാക്കി റൂൾ കർവ് 152 അടിയാക്കണമെന്നും, ഇതിനായി ബേബി ഡാം ബലപ്പെടുത്തണമെന്നുമാണ് തമിഴ്‌നാട് പറയുന്നത്. ഇതിന് 23 മരങ്ങൾ മുറിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത് പ്രകാരം 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. സംഭവം വിവാദമായതോടെ ഇത് മരവിപ്പിച്ചിരുന്നു.
Comments