പരിസ്ഥിതി സംരക്ഷണവും വനവൽക്കരണവുമെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്. സംരക്ഷിക്കേണ്ടവർ തന്നെ വനങ്ങൾ മുറിച്ച് കടത്തുകയും പ്രകൃതിയ്‌ക്ക് ആഘാതം ഏൽപ്പിക്കുകയും ചെയ്യുമ്പോൾ, പതിറ്റാണ്ടുകളായി വനസംരക്ഷണത്തിന് വേണ്ടി സ്വയം അർപ്പിച്ച ഒരു ജീവിതമുണ്ട് അങ്ങ് ഉത്തര കർണാടകയിലെ ഒരു ഗ്രാമത്തിൽ. വൃക്ഷമാതാവ് എന്നറിയപ്പെടുന്ന ഹൊന്നാലിയിലെ 72കാരിയായ തുളസി ഗൗഡ. രാഷ്‌ട്രപതിയിൽ നിന്നും കഴിഞ്ഞ ദിവസം പത്മ പുരസ്‌കാരം ഏറ്റുവാങ്ങിയ തുളസി ഗൗഡയുടെ ജീവിതം ഏവർക്കും മാതൃകയാണ്.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പ്രകൃതിയ്‌ക്ക് വേണ്ടി പ്രവർത്തിക്കുകയാണ് തുളസി ഗൗഡ. കർണാടകയിലെ ഹലക്കി ഗോത്ര വിഭാഗക്കാരിയാണ് ഇവർ. കടുത്ത ദാരിദ്ര്യത്തിലാണ് വളർന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിനാൽ അമ്മയോടൊപ്പം തൊഴിൽ ചെയ്യാനിറങ്ങിയ തുളസിയുടെ ലക്ഷ്യങ്ങൾക്ക് സാമ്പത്തിക സ്ഥിതി ഒരു തടസമായിരുന്നില്ല. അതിനാൽ തന്നെ ഔപചാരികമായ വിദ്യാഭ്യാസം പോലും ലഭിച്ചില്ലെങ്കിലും കാടിനെ കുറിച്ചും വിവിധയിനം സസ്യങ്ങളെ കുറിച്ചും വിശാലമായ അറിവുള്ള അപൂർവ്വ വ്യക്തിത്വവുമാണ്. എൻസൈക്ലോപീഡിയ ഓഫ് ഫോറസ്റ്റ് അല്ലെങ്കിൽ കാടിന്റെ സർവ്വ വിജ്ഞാനകോശം എന്ന പേരിലാണ് തുളസി ഗൗഡ അറിയപ്പെടുന്നത്.
12-ാം വയസിലാണ് തുളസി ഗൗഡയുടെ വിവാഹം നടക്കുന്നത്. അന്ന് മുതലാണ് തുളസി പ്രകൃതി സംരക്ഷണത്തിനായി മരങ്ങൾ നട്ടുവളർത്താൻ ആരംഭിച്ചത്. താൻ വളർത്തിയ ചെടികളെയും സസ്യങ്ങളെയും കുറിച്ചുള്ള ചെറിയ വിവരങ്ങൾ പോലും തുളസിയ്‌ക്ക് കാണാപാഠമായിരുന്നു. ഓരോ ചെടിയും വളരാൻ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായ ധാരണ തുളസിയ്‌ക്കുണ്ടായിരുന്നു.
സസ്യശാസ്ത്ര മേഖലയെ കുറിച്ച് അഗാധമായ അറിവും പാണ്ഡിത്യവും സ്വയം ആർജ്ജിയ്‌ക്കുകയായിരുന്നു തുളസി. വനസംരക്ഷണത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്നത് ജീവിതവ്രതമായി എടുത്തിരിക്കുകയാണ് ഇവർ. പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ മുന്നോട്ട് വെച്ച് സസ്യങ്ങളേയും ഔഷധ ചെടികളേയും കുറിച്ചുള്ള തന്റെ അറിവുകൾ അവർ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു. ഇതുവരെ 40,000 മുതൽ ഒരുലക്ഷത്തിലധികം വൃക്ഷത്തൈകൾ തുളസി വളർത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വനവത്ക്കരണ പരിപാടിയിൽ സജീവമായി തുളസി ഗൗഡ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ സേവനവും പ്രകൃതിയോടുള്ള ആത്മാർത്ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിയ്‌ക്ക് സ്ഥിര നിയമനം നൽകി. 14 വർഷം വനംവകുപ്പിൽ സേവനമുഷ്ഠിച്ച ശേഷം തുളസി ഗൗഡ വിരമിച്ചു. വനംവകുപ്പിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക കൊണ്ടാണ് തുളസി ഉപജീവനം നടത്തുന്നത്. സ്വന്തം പരിമിതികളിൽ നിന്നും ലോകനന്മയ്‌ക്കായി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ളവരെയാണ് നാം മാതൃകയാക്കേണ്ടത്…ഇവരെ തന്നെയാണ് നാം ആദരിക്കേണ്ടതും…















Comments