ബംഗളൂരു : കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ പരമാവധി നേട്ടം കൊയ്യുകയാണ് കർണാടക. കർണാടകയിൽ പെട്രോളിനും ഡീസലിനും വില കുറവായതിനാൽ സംസ്ഥാനത്തെത്തി വാഹനത്തിൽ ഇന്ധനം നിറയ്‌ക്കാനാണ് കർണാടകയിലെ പെട്രോൾ പമ്പ് ഉടമകൾ ആവശ്യപ്പെടുന്നത്. മലയാളത്തിലും കന്നഡയിലും അച്ചടിച്ച വെൽകം പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വെൽകം ടു കർണാടക എന്ന പരസ്യ പോസ്റ്ററാണ് കർണാടകയിലെ പെട്രോൾ പമ്പ് അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. അടുത്തുള്ള കേരള പമ്പിനെക്കാളും ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും കുറവുണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. ഗാളിമുഖ ഫ്യുവൽ സ്റ്റേഷനാണ് ഈ പരസ്യം പുറത്തിറക്കിയത്. മലയാളത്തിലും കന്നഡയിലും അച്ചടിച്ചത് കൂടാതെ പെട്രോൾ പമ്പിന്റെ നമ്പറും പോസ്റ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ധനവിലയിൽ കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളും വാറ്റിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ സംസ്ഥാന നികുതിയിൽ കുറവ് വരുത്തില്ലെന്ന പിണറായി സർക്കാരിന്റെ പിടിവാശിയാണ് കേരളത്തിൽ ഇന്ധന വിലവർധനവിന് കാരണമായത്. ഇതോടെ കേരളത്തിലെ അതിർത്തി ജില്ലകളിൽ നിന്നും കർണാടകയിലെ പമ്പുകളിലേക്ക് മലയാളികളുടെ ഒഴുക്കായി. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ധന വിൽപ്പന കുറഞ്ഞുവരികയാണ്.
തിരുവനന്തപുരത്ത് തമിഴ്‌നാട് അതിർത്തിയായ പാറശ്ശാലയിൽ പെട്രോൾ ദിവസ വിൽപ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി കുറഞ്ഞു. അതേസമയം ഇവിടെ തമിഴ്നാട് ഭാഗത്ത് പടന്താലുംമൂടിൽ പെട്രോൾ ദിവസവിൽപ്പന 1200-1300 ലിറ്റർ ആയിരുന്നത് ഇപ്പോൾ 1800 ആയി ഉയർന്നിരിക്കുകയാണ്.
മാഹിയിലെ വിലക്കുറവ് കാരണം വടകരയിലെ പമ്പുകളിൽ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞിരിക്കുകയാണ്. ദേശീയ പാത വഴി പോകുന്ന വാഹനങ്ങൾ വളരെ കുറച്ച് മാത്രം ഇന്ധനം നിറയ്‌ക്കുകയും മാഹിയിലെത്തിയാൽ ഫുൾ ടാങ്ക് അടിക്കുകയുമാണ് ചെയ്യുന്നത്.
വയനാട് തോൽപ്പെട്ടിയിൽ ഇന്ധന വിൽപ്പന 50 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഡീസൽ വിൽപ്പന മുമ്പുണ്ടായിരുന്നതിനെക്കാൾ 1000 ലിറ്ററും പെട്രോൾ 500 ലിറ്ററും കുറഞ്ഞു. കാസർകോട് തലപ്പാടി, പെർള, മുള്ളേരിയ, അഡൂർ, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന പെട്രോൾ പമ്പുകളിൽ വ്യാപാരം കുറഞ്ഞിട്ടുണ്ട്.
















Comments