കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ കാർ തല്ലിതകർത്ത സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് മരട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
സംഭവത്തിൽ എറണാകുളം മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെ ആറ് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു. ഇവരെ റിമാൻഡ് ചെയ്ത് കാക്കനാട് സബ് ജയിലിലേയ്‌ക്ക് മാറ്റി. ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നാണ് ഷാജഹാൻ കീഴടങ്ങാൻ വൈകിയതെന്നാണ് പോലീസിന് നൽകിയ വിശദീകരണം.
പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ ഷാജഹാനും അരുണും ഫോൺ ഓഫ് ചെയ്ത് ജില്ല വിട്ടിരുന്നു. കുറച്ച് ദിവസങ്ങളായി ഇടുക്കി ജില്ലയിലാണ് ഇവർ ഒളിച്ചു താമസിച്ചിരുന്നത്. ഇരുവരെയും വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
വാഹനം തല്ലിതകർത്ത സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ രണ്ട് പ്രതികളെ ഇതിനു മുൻപ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
















Comments