കൊച്ചി ; ക്യാൻസർ രോഗിക്ക് വേണ്ടിയാണ് കൊച്ചിയിൽ നടന്ന ഉപരോധത്തെ എതിർത്തത് എന്ന ജോജു ജോർജിന്റെ വാദം പൊളിഞ്ഞെന്ന് കോൺഗ്രസ്. പോലീസ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ളവരുടെ ജാമ്യേപക്ഷയിൽ കോടതിയിൽ വാദം നടക്കുമ്പോഴാണ് പ്രതിഭാഗം ഇക്കാര്യം അറിയിച്ചത്.
സിനിമാ സംബന്ധമായ യാത്രക്കിടെ തന്റെ വാഹനം തടഞ്ഞപ്പോൽ ജോജു പ്രതിഷധിക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ജോജുവിന്റെ മൊഴി കളളമാണെന്നും പ്രതികൾ ആരോപിച്ചു.
ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള നേതാക്കളുടെ ജാമ്യേപക്ഷയാണ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിച്ചത്. കാറിന്റെ ചില്ല് മാറ്റുന്നതിനുൾപ്പെടെ അറ്റകുറ്റപ്പണിക്ക് ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് പോലീസ് കൈമാറിയ റിപ്പോർട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നാണ് പ്രോസിക്യൂട്ടർ വാദിച്ചത്. ജാമ്യാപേക്ഷ ഉത്തരവിനായി നാളത്തേക്ക് മാറ്റി.
കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് നടൻ ജോജു ജോർജ് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചാണ് കോൺഗ്രസ് സമരം നടത്തിയത്. യാത്രക്കാർ ബുദ്ധിമുട്ടുന്നത് കണ്ടതോടെ ജോജു നേതാക്കളുടെ അടുത്തേക്ക് ചെന്ന് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. സമരത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയെങ്കിലും സംഭവം വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ജോജുവിന്റെ കാറും കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്തു.
Comments