പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിൽ രഥ പ്രയാണത്തിനുള്ള അനുമതി നിഷേധിച്ച് ജില്ല ഭരണകൂടം. ഉത്സവത്തിലെ സുപ്രധാന ചടങ്ങിനാണ് ഭരണകൂടം അനുമതി നിഷേധിച്ചത്. കൂടാതെ ഉത്സവത്തിന് എത്തുന്ന ജനങ്ങളെ സംഘാടകർ തന്നെ നിയന്ത്രിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നവംബർ 14,15,16 എന്നീ തീയതികളിൽ നടത്താനിരുന്ന രഥപ്രയാണം, രഥ സംഗമം എന്നിവ ഒഴിവാക്കി ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ഇത് കൂടാതെ ക്ഷേത്ര പരിസരത്തും, ഗ്രാമ വീഥികളിലും നിലവിൽ പ്രവർത്തിച്ചുവരുന്ന കച്ചവട സ്ഥാപനങ്ങൾ ഒഴികെ മറ്റ് കച്ചവടങ്ങൾക്കുള്ള അനുമതിയും ഭരണകൂടം നിഷേധിച്ചു. രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനവും നടത്താൻ പാടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി ക്ഷേത്ര കമ്മറ്റികൾ രംഗത്തെത്തി. രഥ പ്രയാണം രഥോത്സവത്തിലെ സുപ്രധാന ചടങ്ങെന്ന് കമ്മറ്റി വിശദീകരിച്ചു. ആളുകളെ നിയന്ത്രിക്കേണ്ടത് പോലീസാണെന്ന് ക്ഷേത്ര കമ്മിറ്റികൾ വാദിച്ചു.
















Comments