കൊച്ചി: നടൻ ജോജു ജോർജ്ജിന്റെ കാർ തല്ലിത്തകർത്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുൻമേയർ ടോണി ചമ്മിണി അടക്കം ആറ് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹർജിയിലാണ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുക. നേരത്തെ ഹർജിയിൽ വാദം പൂർത്തിയായിരുന്നു.
നിലവിൽ കാക്കനാട് സബ്ജയിലിലാണ് പ്രതികൾ. കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് ഉപരോധ സമരത്തിനിടെ പ്രതികരിക്കവേയായിരുന്നു നടന്റെ കാർ പ്രവർത്തകർ തകർത്തത്. സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി ചൊവ്വാഴ്ച മരട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു.
സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന് നടന്റെ കാർ തകർത്തതും മറ്റൊന്ന് ഗതാഗത തടസം സൃഷ്ടിച്ചതുമാണ്. സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. നവംബർ ഒന്നിന് വൈറ്റിലയിലായിരുന്നു കേസിനാസ്പദമായ സംഭവം.
Comments