തിരുവനന്തപുരം: സംസ്ഥാനത്ത് മറച്ചുവെച്ച ആറായിരത്തോളം കൊറോണ മരണങ്ങളുടെ വിവരങ്ങൾ പുറത്ത്. ഔദ്യോഗിക പട്ടികയിലേക്ക് 17 ദിവസത്തിനുള്ളിൽ ഉൾപ്പെടുത്തിയ മരണങ്ങളുടെ കണക്കാണിത്. ഇതിൽ 3,779 മരണങ്ങളും ബന്ധുക്കൾ അപ്പീൽ നൽകാതെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്.
കൊറോണ മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി തന്നെ പ്രതികരണവുമായി രംഗത്തെത്തി. ഔദ്യോഗിക പട്ടികയിൽ ചേർക്കാത്ത ജൂൺ 18ന് മുമ്പുള്ള മരണങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിനെ തുടർന്നാണ് ജൂൺ പകുതി മുതൽ കൊറോണ മരണനിരക്കുകൾ പുറത്തുവിടുന്ന കാര്യത്തിൽ സർക്കാർ സുതാര്യത കൈവരിച്ചു തുടങ്ങിയത്.
ഒക്ടോബർ 22 മുതൽ ഇത്തരത്തിൽ പട്ടികയിൽ ഉൾപ്പെടുത്താതിരുന്ന കണക്കുകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. വ്യക്തമായ രേഖകളില്ലാത്തതിന്റെ പേരിൽ ഒഴിവാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി പുതിയ 292 മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് തുടക്കം. പിന്നീട് പ്രതിദിനം 200 മുതൽ 500ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇത്തരത്തിൽ ആകെ 5,998 മരണങ്ങളാണ് വ്യാപക വിമർശനമുയർന്നതിനെ തുടർന്ന് പുറത്തുവന്നത്.
പല മരണങ്ങളും കൊറോണ മൂലമല്ലെന്ന് വരുത്തി തീർത്ത് കുടുംബാംഗങ്ങളെ ബോധിപ്പിച്ചിരുന്നു. എന്നാൽ മഹാമാരി മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന നിർദേശം വന്നതോടെ മരണങ്ങളെ സംബന്ധിച്ച് വ്യാപകമായി പരാതിയുയർന്നു. ഇതാണ് കണക്കുകൾ സുതാര്യമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
















Comments