മുംബൈ : മുംബൈ ആഡംബരകപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി വിട്ടു നിന്നു. ആരോഗ്യ കാരണങ്ങളാലാണ് ചോദ്യം ചെയ്യലിന് ഹാജരാവാത്തതെന്ന് പൂജ വ്യക്തമാക്കി. പൂജ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബെ പോലീസ് വ്യക്തമാക്കി.
സ്വാധീനമുപയോഗിച്ച് ആര്യൻഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ പൂജ ശ്രമിച്ചുവെന്നാണ് ആരോപണം. കേസിലെ പ്രധാന സാക്ഷിയായ കെ.പി ഗോസാവിയുമായി പൂജ ദദ്‌ലാനി കൂടിക്കാഴ്ച നടത്തിയെന്നും നേരത്തെ അഭ്യഹങ്ങൾ പുറത്ത് വന്നിരുന്നു.
ആര്യൻഖാനെ ലഹരിമരുന്ന് കേസിൽ നിന്നൊഴിവാക്കാൻ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ കൈക്കൂലി ഗോസാവിക്ക് വാഗ്ദാനം ചെയ്‌തെന്നുമാണ് ആരോപണം.ആര്യൻ ഖാനെ കേസിൽ നിന്നൊഴിവാക്കാനായി ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും ആരോപണമുണ്ട്.
കേസിൽ പ്രധാന സാക്ഷിയായ കെപി ഗോസാവിയുമായും സാം ഡിസൂസയുമായും പൂജ കൂടിക്കാഴ്ച നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ മുംബൈ പോലീസിന്റെ എസ്‌ഐടി സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൂജയുടെ പേര് ഉയർന്നു വന്നത്. .കൈക്കൂലി ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘം ഗോസാവിക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
അടുത്തിടെ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സാം ഡിസൂസ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാനായി ഷാരൂഖിന്റെ മാനേജരിൽ നിന്ന് ഗോസാവി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ ആര്യൻ അറസ്റ്റിലായതിന് ശേഷം പണം തിരികെ നൽകിയെന്നുമാണ് സാം ഡിസൂസയുടെ വാദം.
Comments