തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാറുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താൽപര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയെന്നും മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.
ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരം മുറി ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു. .ഉത്തരവ് റദ്ദാക്കുന്ന കാര്യത്തിൽ നേരത്തെ സർക്കാർ നിയമോപദേശം തേടിയിരുന്നു.മരം മുറിക്കാൻ ഉത്തരവ് നൽകിയത് വനം മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ ആണെന്നായിരുന്നു സർക്കാർ വാദം.എന്നാൽ സുപ്രധാനമായ തീരുമാനം മന്ത്രിമാർ അറിയാതെ നടന്നത് വലിയ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലാണ് ഉത്തരവ് ഇറക്കാൻ തീരുമാനമായതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. മരം മുറി ഉത്തരവിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി ജലവിഭവ-വനം വകുപ്പുകൾ തമ്മിൽ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും അറിയാതെ ആണെന്നുള്ള വാദം കള്ളമെന്ന് തെളിയിക്കുന്ന തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മരം മുറിക്കുന്നതിനുള്ള അനുമതി നൽകുന്നതിന് മുന്നോടിയായി കേരളവും തമിഴ്‌നാടും ബേബി ഡാമിൽ പരിശോധന നടത്തിയതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.
ഇതേ തുടർന്ന് സംയുക്ത പരിശോധന നടന്നില്ലെന്ന സഭയിലെ പ്രസ്താവന വനംമന്തി എകെ ശശീന്ദ്രൻ തിരുത്തിയിരുന്നു. സംയുക്ത പരിശോധനയിൽ പങ്കെടുത്തത് വനം ഉദ്യോഗസ്ഥരെന്ന് ജലവിഭവ മന്ത്രിയുടെയും ജലവകുപ്പ് ഉദ്യോഗസ്ഥരെന്നായിരുന്നു വനം മന്ത്രിയുടെയും വാദം.വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത് നിയമസഭയിലടക്കം ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.
Comments