മുംബൈ : മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ രൂക്ഷ വിമർശനവുമായി മുംബൈ ഹൈക്കോടതി.ട്വിറ്ററിൽ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്ന സമയത്ത് വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചിരുന്നോ എന്ന് മുംബൈ ഹൈക്കോടതി മാലികിനോട് ചോദിച്ചു.പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് രേഖകൾ പരിശോധിക്കേണ്ടത് നിങ്ങളുടെ കടമയല്ലേ എന്നും ഉത്തരവാദിത്തപ്പെട്ട പൗരൻ എന്ന നിലയിലും ദേശീയ പാർട്ടിയുടെ വക്താവെന്ന നിലയിലും രേഖകളുടെ ആധികാരികത പരിശോധിച്ചിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
നവാബ് മാലിക്കിനെതിരെ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ് നൽകിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം.സോണൽ ഡയറക്ടർ സമീർ വാങ്കഡെയെയും കുടുംബത്തെയും സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവ പരിശോധിച്ചുവെന്നുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി നവാബ് മാലികിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലം നവംബർ 12 ന് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.സമീർ വാങ്കഡെ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനത്തിന് സൂക്ഷമമായി പരിശോധിക്കാമെന്നും കോടതി പരാമർശിച്ചു. ജസ്റ്റിസ് മാധവ് ജംധാറിന്റെ അവധിക്കാല സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നവാബ്മാലികിനെതിരെ വാങ്കഡെയുടെ പിതാവ് 1.25 കോടി രൂപയുടെ മാനനഷ്ടക്കേസ് മുംബൈ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നവാബ് മാലിക്ക് നിരന്തരം പ്രസ്താവന നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയത്.
സമീർ വാങ്കഡെയ്‌ക്കും കുടുംബത്തിനുമെതിരെ എഴുത്തിലൂടെയോ വാക്കാലോ പ്രസ്താവന നടത്തുന്നതിൽ നിന്നും നവാബ് മാലിക്കിനെയും എൻസിപി നേതാക്കളെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തന്റെ മകളും സമീർ വാങ്കഡെയുടെ സഹോദരിയുമായ യാസ്മിന്റെ അഭിഭാഷക ജോലി പോലും മാലിക്കും അനുയായികളും ഇല്ലാതാക്കിയെന്നും ഹർജിയിൽ പറയുന്നു. സമീർ വാങ്കഡെയും കുടുംബത്തെ പറ്റിയും മാലിക് പോസ്റ്റ് ചെയ്ത അപകീർത്തികരമായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാനും വാങ്കഡെയുടെ പിതാവ് ആവശ്യപ്പെട്ടു.
ആഡംബരകപ്പലിലെ ലഹരിപാർട്ടി കേസിൽ നാർക്കോടിക് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസർ സമീർ വാങ്കഡയെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയതായുള്ള വ്യാജ വാർത്ത നവാബ് പ്രചരിപ്പിച്ചിരുന്നു. സമീർ വാങ്കഡയെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയെന്നും ഇതൊരു തുടക്കം മാത്രമാണെന്നുമാണ് നവാബ് മാലിക് ടിറ്റ്വറിൽ കുറിച്ചത്.
ആര്യൻ ഖാന്റേത് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്ന് സമീർ വാങ്കഡെയെ നീക്കിയിരിക്കുന്നു.26 കേസുകളിൽ കൂടി അന്വേഷണം നടത്താനുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. ഈ സംവിധാനത്തെ ശുദ്ധീകരിക്കാൻ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട് ഞങ്ങൾ അത് ചെയ്യും. എന്നാണ് മാലിക് ട്വീറ്റ് ചെയ്തത്.
















Comments