ഇടുക്കി : മുല്ലപ്പെരിയാർ മരം മുറിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനം.
ചട്ടങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മരം മുറിയ്‌ക്കാൻ അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് റദ്ദാക്കിയത്. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് കേന്ദ്രസർക്കാരിനോട് അനുമതി തേടിയില്ലെന്നും നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങൾ മുറിയ്‌ക്കാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവാണ് ബെന്നിച്ചൻ തോമസ് പുറത്തിറക്കിയത്. വിവാദമായതോടെ ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം ചേർന്ന് ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനം. റദ്ദാക്കൽ നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയെ യോഗം ചുമതലപ്പെടുക്കുകയും ചെയ്തിരുന്നു.
അതേസമയം തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങി. മന്ത്രിതലത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെയും, അധികൃതരുടെ അനുമതി വാങ്ങാതെയുമാണ് ബെന്നിച്ചൻ ഉത്തരവ് പുറത്തിറക്കിയത്. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറത്തിറക്കിയത്.
Comments