ചണ്ഡിഗഢ്: ഉന്തുവണ്ടി വലിച്ച് മകളെ പദ്മശ്രീ പുരസ്‌കാരത്തിന് അർഹയാക്കിയ അച്ഛനെക്കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ. സ്വന്തം മക്കൾ തന്നെക്കാൾ വലിയ വിജയം വരിക്കണമെന്ന് ആഗ്രഹിക്കുന്ന ലോകത്തെ ഏക പിതാവെന്ന് ആയിരുന്നു റാണിയുടെ വാക്കുകൾ. കുതിരയെ കെട്ടിയ പഴയ വണ്ടിയിൽ അച്ഛൻ ഇരിക്കുന്ന പഴയ ചിത്രവും റാണി ഇതിനൊപ്പം ട്വിറ്ററിൽ നൽകി.
പദ്മ പുരസ്‌കാരദാനച്ചടങ്ങിൽ മകൾക്കൊപ്പം എത്തിയ റാംപാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ അഭിനന്ദിച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ഈ ചിത്രവും പോസ്റ്റിനൊപ്പം റാണി റാംപാൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിമാനമുളള മകളെന്നും കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും ഉൾപ്പെടെയുളള ഹാഷ്ടാഗുകളോടെയായിരുന്നു റാണിയുടെ പോസ്റ്റ്.
दुनिया में केवल एक पिता ही एक ऐसा इंसान है , जो चाहता है कि मेरे बच्चे मुझसे भी ज्यादा कामयाब हो ❤️#bharatkisherniya #prouddaughter #wahegurushukarhai #behumbleandkind #hardworknevergoesunnoticed pic.twitter.com/4oCgcfwEaa
— Rani Rampal (@imranirampal) November 11, 2021
ഹരിയാനയിലെ ഉൾഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിലായിരുന്നു റാണിയുടെ ജനനം. കുട്ടിക്കാലം മുതൽ വീടിന് അടുത്ത ഹോക്കി അക്കാദമിയിൽ പരിശീലനം തുടങ്ങിയ റാണി റാംപാലിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ കുടുംബം ഒരുപാട് ത്യാഗം സഹിച്ചിരുന്നു.
ചെറിയ വരുമാനത്തിന്റെ പരിമിതിയിലും മകളെ വളർത്താനും അവളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകാനും തയ്യാറായ പിതാവും രാജ്യത്തിന് അഭിമാനമാകുകയാണ്.
രാജ്യത്തെ നാലാമത്തെ ഉന്നത പൗരബഹുമതിയാണ് പദ്മശ്രീ. കഴിഞ്ഞ മാസം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരവും റാണിക്ക് ലഭിച്ചിരുന്നു. എല്ലാ കായികതാരങ്ങളും രാജ്യത്തിന് മെഡൽ വാങ്ങാനായിട്ടാണ് മത്സരിക്കുന്നത്. എന്നാൽ രാജ്യം അവരുടെ പ്രതിഭയെ അംഗീകരിക്കുന്ന നിമിഷം കൂടുതൽ പ്രചോദനകരമാണെന്നും പുരസ്‌കാരം ലഭിച്ച ശേഷം റാണി പറഞ്ഞിരുന്നു. 21 വർഷത്തോളം നീണ്ട കഠിനാധ്വാനമാണ് തന്നെ ഈ പുരസ്‌കാരവേദിയിൽ വരെയെത്തിച്ചതെന്നും റാണി ഓർമ്മിപ്പിച്ചിരുന്നു.
















Comments