ന്യൂഡൽഹി : കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് വീണ്ടും രംഗത്ത്. നിയമങ്ങൾ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും ടികായത്ത് ട്വിറ്ററിൽ കുറിച്ചു. നിയമങ്ങൾ പിൻവലിച്ചാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും ടികായത് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാടെങ്കിൽ സമരം തുടരാനാണ് തീരുമാനം. നിയമങ്ങൾ പിൻവലിക്കുന്നതിലൂടെ മാത്രമേ തങ്ങൾ പ്രതിഷേധത്തിൽ നിന്നും പിന്മാറുകയുള്ളൂ. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സമരം തുടരാനും, അത് രാജ്യവ്യാപകം ആക്കാനുമാണ് ആലോചനയെന്നും ടികായത്ത് വ്യക്തമാക്കി. നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ പ്രതിഷേധക്കാരെ വീടുകളിലേക്ക് മടക്കി അയക്കാൻ സാധിക്കുകയുള്ളൂവെന്നും ടികായത് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച നടന്ന മഹാപഞ്ചായത്തിലും രാകേഷ് ടികായത് നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. കാർഷിക നിയമങ്ങൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിന് ശേഷം കഴിഞ്ഞ ഒരു വർഷക്കാലമായി ഇതേ ആവശ്യമാണ് അടിക്കടി പ്രതിഷേധക്കാർ ഉയർത്തുന്നത്. എന്നാൽ കർഷകർക്ക് ഗുണം ചെയ്യുന്ന നിയമങ്ങൾ പിൻവലിക്കാൻ ഒരുക്കമല്ലെന്നാണ് സർക്കാർ നിലപാട്. പ്രതിഷേധം ഫലം കാണില്ലെന്ന് ഉറപ്പായതോടെ ഭൂരിഭാഗം സമരക്കാരും അവരവരുടെ നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
Comments