ഇടുക്കി : മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങൾ മുറിയ്‌ക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2018 ലെ പ്രളയത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സത്യമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഐജി റിപ്പോർട്ട്. 2018 ൽ ഡാം മാനേജ്‌മെന്റിൽ സർക്കാരിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിഐജിയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ ഡാം മാനേജ്‌മെന്റിൽ വീഴ്ചപറ്റിയെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ നിയമസഭയ്‌ക്ക്കത്തും പുറത്തും സർക്കാർ ഇത് സമ്മതിക്കുന്നില്ല. ഇത് വലിയ വിരോധാഭാസമാണെന്ന്. റിസർവോയർ കേന്ദ്രീകരിച്ചുള്ള ഏകോപനമില്ലാതെയാണ് അണക്കെട്ടുകൾ തുറന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ പ്രളയ മുന്നൊരുക്കവും പ്രതിരോധവും എന്ന റിപ്പോർട്ടിലാണ് ഡാം മാനേജ്‌മെന്റിൽ സംഭവിച്ചിരിക്കുന്ന വീഴ്ചകൾ വ്യക്തമാക്കിയിരിട്ടുള്ളത്. മഹാപ്രളയ കാലത്ത് പല ഡാമിനും റൂൾ കർവ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ 2011നും 2019നും ഇടയിൽ ജലസംഭരണ ശേഷി സർവ്വേ നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടർന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
Comments