തിരുവനന്തപുരം: കൊറോണ പ്രതിസന്ധി മൂലം മാസങ്ങളോളം അടഞ്ഞു കിടന്ന തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാളം ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. കേരളത്തിലും വിദേശത്തുമായി 1500 തീയേറ്ററുകളിലാണ് കുറുപ്പ് ഇന്ന് പ്രദർശനത്തിനെത്തിയത്. ആവേശോജ്വലമായ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ഘട്ട പ്രതികരണങ്ങൾ വിലയിരുത്തുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സിനിമാ മേഖലയെ പിടിച്ചുയർത്താൻ കുറുപ്പിനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ 450 തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പുലർച്ചെ ഒരുക്കിയ ഫാൻസ് ഷോ മുതൽ സിനിമാ പ്രേമികൾ ആഘോഷമാക്കുകയാണ് കുറുപ്പിനേയും അതിലെ ഓരോ താരങ്ങളേയും. പലനഗരങ്ങളിലും ഫാൻസ് ഷോയ്‌ക്ക് മാത്രം അഞ്ചും ആറും തിയേറ്ററുകളാണ് തുറന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് കുറുപ്പ്.
1984 മുതൽ പോലീസിന്റെ പട്ടികയിൽ പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. മികച്ച പ്രീ-ബുക്കിങ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് ദുൽഖറിന്റെ ‘കുറുപ്പ്’. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഐഎംഡിബി റേറ്റിംഗ് പത്തിൽ 8.9 ആണ്.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്‌സും ചേർന്നാണ് നിർമ്മാണം. ദുൽഖറിന് പുറമെ ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ കൈയ്യടി നേടുന്ന മറ്റുതാരങ്ങൾ.
















Comments