കൊച്ചി: നടൻ ജോജു ജോർജ്ജിന്റെ കാർ തകർത്ത കേസിൽ രണ്ടാം പ്രതി പി.ജി ജോസഫിന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി 16ലേക്ക് മാറ്റി. അതേസമയം കോൺഗ്രസ് പ്രവർത്തകരായ പി.വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ജോസഫ് ഉൾപ്പെടെ മൂന്ന് പേരുടെ ജാമ്യ ഹർജിയായിരുന്നു ഇന്ന് കോടതി പരിഗണിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് പി.വൈ ഷാജഹാൻ. അരുൺ വർഗീസ് മണ്ഡലം പ്രസിഡന്റാണ്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. കൂടാതെ 37,000 രൂപ കെട്ടിവെയ്‌ക്കണമെന്നും നിർദേശമുണ്ട്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ഭയന്ന് ഇടുക്കിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഷാജഹാനും അരുണും കഴിഞ്ഞ 9നായിരുന്നു പോലീസിൽ കീഴടങ്ങിയത്. നേരത്തെ കേസിലെ പ്രതികളായ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ നാല് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചിരുന്നു.
കൊച്ചി വൈറ്റിലയിൽ നടന്ന കോൺഗ്രസ് ഉപരോധത്തിനിടെയാണ് നടൻ ജോജുവിന്റെ കാർ തകർത്ത സംഭവമുണ്ടായത്. സമരത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ ഉപരോധത്തെ ചോദ്യം ചെയ്തതായിരുന്നു നടൻ. എന്നാൽ പ്രകോപിതരായ സമരക്കാർ ജോജുവിനെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകർക്കുകയുമായിരുന്നു.
















Comments