കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ ചെലവായ 24.52 കോടി രൂപ മുൻ കരാറുകാരനിൽ നിന്നും തിരിച്ചുപിടിക്കാതെ സംസ്ഥാന സർക്കാർ. പാലത്തിന്റെ നിർമ്മാണം പൂർത്തിയായി എട്ട് മാസം പിന്നിടുമ്പോഴും, ചെലവാക്കിയ തുക സർക്കാരിന് തിരികെ ലഭിച്ചിട്ടില്ല. ആർഡിഎസ് എന്ന കമ്പനിയാണ് സർക്കാരിന് പണം നൽകാനുള്ളത്.
2020 സെപ്റ്റംബറിലാണ് നിർമ്മാണത്തിലെ ക്രമേക്കടുകളെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചത്. അഞ്ച് മാസവും പത്ത് ദിവസവുമെടുത്ത് ഡിഎംആർസിയുടെ മേൽനോട്ടത്തിൽ റെക്കോർഡ് വേഗത്തിലാണ് പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കിയത്. 2021 മാർച്ച് ഏഴിനായിരുന്നു പുനർനിർമ്മിച്ച പാലം ജനങ്ങൾക്ക് തുറന്നു നൻകിയത്.
ആദ്യം പാലം നിർമ്മിച്ച ആർഡിഎസ് കമ്പനിയിൽ നിന്നും തുക ഈടാക്കി പാലം പുനർനിർമ്മിക്കാനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി 24.52 കോടി രൂപ സർക്കാർ ഖജനാവിലേയ്‌ക്ക് തിരിച്ചടക്കണമെന്ന് ആർസിഎസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനാണ് 2020 ഡിസംബറിൽ കമ്പനിയ്‌ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയത്.
എന്നാൽ നാളിതുവരെയായിട്ടും പാലം പൊളിച്ചു പണിയാൻ ചെലവായ വൻ തുക ആർഡിഎസ് കമ്പനിയിൽ നിന്നും തിരിച്ചു പിടിക്കാൻ സർക്കാരിനു സാധിച്ചില്ല. ഇതിനായി സർക്കാർ ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ല.
















Comments