കൊച്ചി : കുറുപ്പ് എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സുകുമാരകുറുപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുറത്ത് വരുന്നുണ്ട് . അതിലൊരാളാണ് ചാവക്കാട് തൊട്ടാപ്പ് ചിന്നക്കൽ ഷാഹു .ചാക്കോ വധക്കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി സുകുമാരകുറുപ്പിന്റെ സുഹൃത്തും പിന്നീട് മാപ്പുസാക്ഷിയുമായിരുന്നു ഷാഹു.
അബുദാബി അഡ്മ കമ്പനിയിൽ ഓഫീസ് ബോയിയായിരുന്ന ഷാഹുവിന് അതേ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്ന സുകുമാരകുറുപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ചാക്കോയെ വധിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഷാഹുവിനെ കൂട്ടുപിടിച്ചാണ് സുകുമാരകുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ ഷാഹുവിന് 25 വയസ്സായിരുന്നു . അവധി കഴിഞ്ഞ് അബുദാബിയിലേക്ക് തിരിച്ചുപോകുന്ന ദിവസമാണ് പോലീസ് ഷാഹുവിനെ കസ്റ്റഡിയിലെടുത്തത്. രൂപസാദൃശ്യമുള്ള ആരെയും കിട്ടിയില്ലെങ്കിൽ ഏറെക്കുറെ സാമ്യമുള്ള തന്നെ കൊല്ലാനായിരുന്നു കുറുപ്പിന്റെയും കൂട്ടരുടെയും ശ്രമമെന്ന് താൻ മനസ്സിലാക്കിയിരുന്നതായും ഷാഹു പറയുന്നു.
കുറുപ്പ് എന്ന സിനിമ പൂർണ്ണമാകണമെങ്കിൽ തന്നോട് സംസാരിക്കണമായിരുന്നുവെന്നും ഷാഹു പറഞ്ഞു . ചാക്കോ വധക്കേസിൽ ഉൾപ്പെട്ടിരുന്ന ഡ്രൈവർ പൊന്നപ്പൻ, ഭാസ്കരപിളള എന്നിവർ നേരത്തെ മരിച്ചിരുന്നു.
















Comments