കൊച്ചി : മയിലിനെ കറി വയ്ക്കാൻ പോകുന്നുവെന്ന വീഡിയോ പങ്ക് വച്ച യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു . കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയില്‍ മയിലിനെ കറിവയ്‌ക്കാന്‍ ദുബായിലേക്ക് പോകുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. പിന്നാലെ കറിവെക്കാനായി ഒരു മയിലിനെ വാങ്ങിച്ചുവെന്നും കാട്ടി മറ്റൊരു വീഡിയോയും ഫിറോസ് ഫേസ്ബുക്കിൽ പങ്ക് വച്ചു .ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
ഇന്ത്യയില്‍ മയിലിനെ തൊടാനോ , വാങ്ങാനോ പറ്റില്ലെന്നും അത് ശിക്ഷാർഹമായതിനാലാണ് ദുബായിലേക്ക് പോകുന്നതെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്നും വീഡിയോയില്‍ പറയുന്നു. എന്നാൽ ഏത് നാട്ടിലായാലും ഫിറോസ് ഇന്ത്യക്കാരനല്ലേയെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു .
മാത്രമല്ല മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണെന്ന് അഭിഭാഷകനായ ശങ്കു ടി ദാസും കമന്റ് ബോക്സിൽ പറയുന്നുണ്ട് .ആ പദവിയെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്‌ക്കാത്തത്. ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് എന്നും ശങ്കു ടി ദാസ് പറയുന്നു .
മറ്റ് രാജ്യത്ത് പോയി സ്വന്തം രാജ്യത്തെ അപമാനിക്കുന്ന വീഡിയോ ഷൂട്ട് ചെയ്യുന്ന ഫിറോസ് ഈ വീഡിയോ പുറത്ത് വിട്ടാൽ കേസ് നൽകുമെന്നും ചിലർ പറയുന്നു. സ്ഥിരമായി ഫിറോസിന്റെ വീഡിയോകൾ കാണുന്നവരാണ് വിമർശനവുമായി എത്തിയവരിൽ ഏറെയും . ഏത് രാജ്യത്തായാലും ഭാരതീയൻ എന്ന ഗുണമാണ് കാട്ടേണ്ടത് . മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്താനാണ് ശ്രമിക്കേണ്ടത് . ഇത്തരത്തിൽ പോയാൽ മനുഷ്യനെ കൊന്ന് കറി വയ്‌ക്കാൻ ഫിറോസ് ആഫ്രിക്കയിൽ പോകുന്നതും കാണേണ്ടി വരുമോ എന്നും ചിലർ ചോദിക്കുന്നു.
മയിലിനെ കറി വയ്‌ക്കാൻ ദുബായിൽ പോകുന്നുവെന്ന ആദ്യത്തെ വീഡിയോ ഇട്ടതിനു ശേഷമാണ് മയിലിനെ വാങ്ങിച്ചുവെന്ന രണ്ടാമത്തെ വീഡിയോ ഫിറോസ് ഇട്ടത് . അങ്ങനെയെങ്കിൽ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ഫിറോസ് എത്രത്തോളം മാനിക്കുന്നുവെന്നും ചോദ്യമുയരുന്നുണ്ട് . വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുത്തി സംരക്ഷിക്കപ്പെടുന്ന പക്ഷിയാണു ദേശീയ പക്ഷി കൂടിയായ മയിൽ. മയിലിനെ കൊന്നാൽ, 7 വർഷം വരെ തടവും 2ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മുട്ട നശിപ്പിച്ചാലും കേസെടുക്കാം.
















Comments