വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും.ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ എരിവും പുളിയും മധുരവും കയ്പും എന്നുവേണ്ട സകലമാന രുചികളും മാറിമാറി പരീക്ഷിച്ചും കണ്ടുംകേട്ടും അറിയുന്ന പൊടിക്കൈകളും പരീക്ഷിച്ചും വിഭവം സ്വാദേറിയതാക്കാൻ ശ്രമിക്കും.ഉപ്പ് മഞ്ഞൾ,മുളക്,കുരുമുളക്, ഏലം,കറുവപ്പട്ട തുടങ്ങി സുഗന്ധവ്യജ്ഞനങ്ങളുടെ വലിയ കൂട്ടം തന്നെയാണ് ഇങ്ങനെ രുചിയുടെ മേളമൊരുക്കാൻ അണിചേരുന്നത്.
അക്കൂട്ടത്തിൽ മണ്ണ് കൂടി ആയാലോ.. വൃത്തികേട്… ആശ്ചര്യം എന്നൊക്കെ പറയാൻ വരട്ടെ, അങ്ങനെ നല്ല അസ്സൽ മണ്ണും ചെളിയും സുഗന്ധവ്യജ്ഞനങ്ങൾക്ക് പകരം ഉപയോഗിക്കുന്ന ഒരു പ്രദേശം നമ്മുടെ ഈ ഭൂമിലുണ്ട്. ആശ്ചര്യമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. ഇറാനിലെ ഹോർമുസ് ദ്വീപ് നിവാസികളാണ് മൂക്കത്ത് വിരൽ വെച്ച് പോകുന്ന ഭക്ഷണവിഭവങ്ങൾ കഴിക്കുന്നവർ.നൂറ്റാണ്ടുകളായി ആ പ്രദേശത്ത് മണ്ണും ചെളിയും ഉപയോഗിച്ചാണ് പാചകം.
മണ്ണ് ചേർത്ത് പാകം ചെയ്യുന്ന ഭക്ഷണം അത്യധികം രുചിയേറിയതാണെന്നും ഒരു മണിപോലും പാഴാക്കാനാവില്ലെന്നുമാണ് ദ്വീപ് നിവാസികൾ പറയുന്നത്.
ഇറാനിലെ ഹോർമുസ് ദ്വീപിന് റെയിൻബോ ദ്വീപ് എന്നും വിളിപ്പേരുണ്ട്. വർണാഭമായ നിരവധി പർവ്വതങ്ങൾ ഈ ദ്വീപിലുള്ളതാണ് ഇങ്ങനെ ഒരു പേര് വരാൻ കാരണം. ഇവിടുത്തെ വ്യത്യസ്ത നിറങ്ങളിലുള്ള പർവതങ്ങളിൽ പലതരം സ്വാദുള്ള മണ്ണ് കാണപ്പെടുന്നു. ദ്വീപിലെ നിവാസികൾ നമ്മൾ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതുപോലെ ഈ മണ്ണും ഭക്ഷണത്തിൽ ചേർക്കുന്നു.
ഈ ദ്വീപിൽ ഉപ്പ് മലകളും കാണപ്പെടുന്നുണ്ട്. ഈ പർവ്വതങ്ങളിൽ കാണപ്പെടുന്ന സുഗന്ധമുള്ള മണ്ണിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് ധാരാളം പഠനങ്ങളും നടന്നിട്ടുണ്ട്.ദശലക്ഷക്കണക്കിന് വർഷങ്ങളായി ധാതുക്കൾ അടിഞ്ഞുകൂടി രൂപമെടുത്തതാണ് ഈ കുന്നുകളിലെ മണ്ണ്. അവയുടെ രുചി വളരെ സവിശേഷമാണ്. നിറത്തിനനുസരിച്ചാണ് ഇവിടെയുള്ളവർ മണ്ണിന്റെ രുചി തിരിച്ചറിയുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.ഹോർമുസ് ദ്വീപിലെ മണ്ണ് രുചികരം മാത്രമല്ല ആരോഗ്യകരവുമാണ്. ഈ ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളും സുഗന്ധമുള്ള ഈ മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കാറുണ്ട്. ഇരുമ്പ് കൊണ്ട് സമ്പന്നമായ ഇവിടുത്തെ മണ്ണിൽ ഏകദേശം 70 ഇനം ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇവിടുത്തെ മണ്ണിന്റെ അമിതോപയോഗം പ്രദേശത്തിന്റെ പരിസ്ഥിതിയെ താറുമാറാക്കിയിരിക്കുകയാണ്. അതിനാൽ പ്രദേശം ഇപ്പോൾ പരിസ്ഥിതി വകുപ്പിന്റെ സംരക്ഷണത്തിലാണ്.
















Comments