കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. കൊല്ലത്തെ കിഴക്കൻ മലയോര മേഖലകളിൽ രാത്രി മഴയ്‌ക്ക് കുറവുണ്ടായിരുന്നെങ്കിലും പൂർണമായി ശമനമുണ്ടായിട്ടില്ല. പുനലൂർ, പത്തനാപുരം താലൂക്കുകൾ ഉൾപ്പെടുന്ന കിഴക്കൻ മലയോര പ്രദേശങ്ങളിലാണ് രാത്രി മഴയ്‌ക്ക് നേരിയ കുറവുണ്ടായത്. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് കൊല്ലം ജില്ലയിലെ തെന്മല സെക്ഷനുകീഴിലുള്ള വൈദ്യുതി വിതരണ സംവിധാനത്തിനുണ്ടായത്.
കൊല്ലത്തെ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് തെന്മല അമ്പനാട് എസ്‌റ്റേറ്റിലുളളവരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടലുണ്ടായ ആര്യങ്കാവിലെ കോളനി നിവാസികൾ ബന്ധുവീടുകളിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്‌കൂളുകൾക്ക് നാളെയും, മറ്റന്നാളും കളക്ടർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുന്നു. നദീ തീരങ്ങളിലും ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയിൽ കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. കൂടാതെ ജില്ലയിലെ അടൂർ, ഏനാത്ത്, മണ്ണടി മേഖലകളിൽ വെള്ളക്കെട്ടുണ്ടായതായി റിപ്പോർട്ട്. എംസി റോഡിൽ പുതുശ്ശേരി ഭാഗത്തും വെള്ളം കയറിട്ടുണ്ട്.
രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ തലസ്ഥാന നഗരിയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ തുറന്നതോടെ പ്രധാന നദികളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച് കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി. 571 പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്‌ക്ക് മാറ്റി പാർപ്പിച്ചയതായി അധികൃതർ അറിയിച്ചു. നെയ്യാറ്റിൻകര ടി.ബി ജംങ്ഷനു സമീപം ദേശീയ പാതയിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നതോടെ പാറശാലയിലേയ്‌ക്കുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.
ജില്ലയിലെ പ്രധാന അണക്കെട്ടുകളായ അരുവിക്കരയും നെയ്യാറും പേപ്പാറയും തുറന്നതോടെ പ്രധാന നദിയും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. തലസ്ഥാന നഗരിയിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയും ക്വാറി,മൈനിങ് പ്രവർത്തനങ്ങൾ നിരോധിച്ചും അതീവ ജാഗ്രതയ്‌ക്ക് നിർദേശിക്കുകയാണ് ജില്ലാ ഭരണകൂടം.
















Comments