ഖാർതൂം: സുഡാനിൽ സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയും തലസ്ഥാനമായ ഖാർത്തൂമിലും മറ്റ് പ്രധാന നഗരങ്ങളിലും വലിയ പ്രതിഷേധമാണ് നടന്നത്. സൈനിക വെടിവെയ്പിലും ടിയർ ഗ്യാസ് പ്രയോഗത്തിലും അഞ്ച് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിനിടെ അൽ ജസീറ മാദ്ധ്യമപ്രവർത്തകനെ സൈന്യം അറസ്റ്റ് ചെയ്തതായി ചാനൽ അറിയിച്ചു.
ഖാർതൂം ബ്യൂറോ ചീഫ് എൽ മുസാമി എൽ കബ്ബാഷി ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അൽ ജസീറ ട്വിറ്ററിൽ വ്യക്തമാക്കി. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ 25 നാണ് സൈനിക മേധാവി അബ്ദേൽ ഫത്ത അൽ ബുർഹാൻ രാജ്യത്ത് ഭരണമാറ്റം ഉണ്ടായതായി പ്രഖ്യാപിച്ചത്. ഇതിന് രണ്ട് ദിവസത്തിന് ശേഷം ശക്തമായ പ്രതിഷേധങ്ങൾ പല ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
പല നഗരങ്ങളിലും പ്രതിഷേധക്കാരുടെ കൂട്ടായ്മകൾ കാണാം. വലിയ യോഗങ്ങളിലേക്ക് ഇവരെ എത്തിക്കാതെ തുരത്തിയോടിക്കുകയാണ് സൈന്യം. ഖാർതൂമിൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. 2019 ൽ ഏകാധിപതിയായിരുന്ന ഒമർ അൽ ബാഷിറിന്റെ പതനത്തിന് ശേഷം ജനാധിപത്യത്തിലേക്കുളള പാതയിലായിരുന്നു സുഡാൻ.
സൈന്യവും പൗരസംഘങ്ങളുമായി അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ കരാർ അനുസരിച്ച് അധികാരം പങ്കിടേണ്ടവരെ സൈന്യം തടവിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി അബ്ദളള ഹാംദോക് ഉൾപ്പെടെ വീട്ടുതടങ്കലിലാണ്. പട്ടാള അട്ടിമറിക്ക് ശേഷം രാജ്യത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും റദ്ദ് ചെയ്തിരിക്കുകയാണ്.
















Comments