ബൊഗോട്ട: 36 വർഷങ്ങൾക്ക് മുൻപ് ഒരു നഗരം ചാമ്പലാക്കിയ അഗ്നിപർവ്വതം. അന്ന് എരിഞ്ഞടങ്ങിയത് 25000 പേർ. വീണ്ടും നെവാദോ ഡെൽ റൂയിസ് പുകഞ്ഞുതുടങ്ങിയെന്ന വാർത്തകൾ വരുമ്പോൾ കൊളംബിയൻ ജനതയുടെ നെഞ്ചിൽ തീയാണ്.
ശനിയാഴ്ച മുതൽ അഗ്നിപർവ്വതം വീണ്ടും സജീവമായതായി കൊളംബിയൻ ജിയോളജിക്കൽ സർവ്വീസ് സ്ഥിരീകരിച്ചു. മേഖലയിൽ ഘടിപ്പിച്ചിരുന്ന ക്യാമറകളിൽ നിന്നാണ് അഗ്നിപർവ്വതത്തിൽ നിന്ന് പുക പുറത്തേക്ക് വമിക്കുന്നത് കണ്ടത്. രാവിലെ 6.21 ഓടെയാണ് പുക പുറന്തളളുന്നത് ക്യാമറയിൽ പതിഞ്ഞത്. പടിഞ്ഞാറൻ കൊളംബിയയിലാണ് നെവാദോ ഡെൽ റൂയിസ് അഗ്നിപർവ്വതം.
1985 നവംബർ 13 നാണ് ഇതിന് മുൻപ് നെവാദോ ഡെൽ റൂയിസ് പൊട്ടിത്തെറിച്ചത്. ഒലിച്ചിറങ്ങിയ ലാവ പ്രവാഹം ആർമിറോ എന്ന ഒരു ചെറുനഗരത്തെയാണ് ചാമ്പലാക്കിയത്. ലാവയും ചെളിയും കലർന്ന പ്രവാഹത്തിൽ നഗരം മൂടിപ്പോകുകയായിരുന്നു. ഏകദേശം 50,000 ത്തോളം പേരുണ്ടായിരുന്ന നഗരത്തിലെ പകുതിയോളം പേർ ഈ ചെളിക്കൂമ്പാരത്തിൽ മൂടിപ്പോയി.
കഴുത്തറ്റം ചെളിക്കൂമ്പാരത്തിൽ മൂന്ന് ദിവസം പുതഞ്ഞുകിടന്ന ശേഷം മരണത്തിന് കീഴടങ്ങിയ ഒമൈറ സാഞ്ചസ് എന്ന 13 കാരി പെൺകുട്ടി ഈ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയാണ്. അവളുടെ ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ ആവുന്ന ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഫ്രാങ്ക് ഫോർണിയർ പകർത്തിയ അവളുടെ ചിത്രങ്ങൾ പിന്നീട് ലോകത്തെ നൊമ്പരപ്പെടുത്തിയ കാഴ്ചയാവുകയും ചെയ്തു.
Comments