കോട്ടയ്‌ക്കൽ: മലപ്പുറം കോട്ടയ്‌ക്കലിൽ മുത്വലാഖ് ആവശ്യപ്പെട്ട് നവവരനെ ആക്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. ഭാര്യയുടെ ബന്ധുക്കളാണ് പിടിയിലായ എല്ലാവരും. കഴിഞ്ഞ ദിവസമാണ് വിവാഹമോചനം ആവശ്യപ്പെട്ട് ചങ്കുവെട്ടി സ്വദേശി അബ്ദുൾ അസീബിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
കോട്ടക്കൽ ചോലപ്പുറത്ത് ഷഫീഖ്, ചോലപ്പറത്ത് അബ്ദുൽ ജലീൽ, കിഴക്കേപ്പറമ്പൻ ഷംസുദ്ദീൻ, ചോലപ്പുറത്ത് ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. ക്രൂരമായ മർദ്ദനത്തിൽ വാരിയെല്ലിനും ജനനേന്ദ്രിയത്തിലുമടക്കം ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടക്കയ്‌ലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നര മാസം മുൻപായിരുന്നു അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ ഭിന്നത മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് അസീബ് പറയുന്നത്.
എന്നാൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും അതിന് വഴങ്ങാത്തതിനാൽ മർദ്ദിക്കുകയുമായിരുന്നു. ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി രക്ഷിക്കുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ അവിടെ നിന്നും കാറിൽ ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഭാര്യ വീട്ടിലെത്തിച്ച് വിവാഹമോചനത്തിനായി മുത്വലാഖ് ചൊല്ലണമെന്ന് ആവശ്യപെട്ടു. ഇതിന് വഴങ്ങാത്തതിനെ തുടർന്ന് മർദ്ദിക്കുകയായിരുന്നു.
ആസിഡ് അടക്കമുളളവ കൈവശം വെച്ചായിരുന്നു ആക്രമണമെന്നും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയതായും അസീബ് പറഞ്ഞിരുന്നു. ഭാര്യയുടെ അടുത്ത ബന്ധുക്കളായ ഏഴംഗ സംഘമാണ് മർദ്ദിച്ചതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.
















Comments