എറണാകുളം: പ്രതിഷേധങ്ങൾ വകവെയ്‌ക്കാതെ കുർബാന ഏകീകരണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് സിറോ മലബാർ സഭ. കുർബാന ഏകീകരണം നടപ്പാക്കുമെന്ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരി അറിയിച്ചു. ഏകീകരിച്ച കുർബാന ക്രമം നവംബർ 28 മുതൽ സഭാ പള്ളികളിൽ നടപ്പാക്കുമെന്നും കർദിനാൾ വ്യക്തമാക്കി. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കൽ. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകൾ കാരണം തീരുമാനം വൈകുകയായിരുന്നു.
ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാൻ തീരുമാനമായത്. ഒക്ടോബറിൽ ആരാധനാക്രമം ഏകീകരിച്ച് ഉത്തരവ് ഇറങ്ങുകയും ചെയ്തു. ഈ മാസം 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് മാർപാപ്പ മെത്രാന്മാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി ഉണ്ടാക്കണമെന്നായിരുന്നു സിനഡ് നിർദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉൾപ്പെടെയുള്ള ചില രൂപതകൾ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തിൽ വരുത്തിയിുരന്നു. എന്നാൽ സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
















Comments