ന്യൂഡൽഹി: ഡൽഹിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. നവംബർ 21 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടം പൊളിക്കലിനും നിർമാണ പ്രവർത്തനങ്ങൾക്കും 21 വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കരുതെന്നാണ് നിർദേശം.
അവശ്യ സർവീസുകൾക്കായി പോകുന്ന വാഹനങ്ങൾ ഒഴികെ മറ്റ് വണ്ടികൾക്കും ഡൽഹിയിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളുടെയും 15 വർഷം പിന്നിട്ട പെട്രോൾ വാഹനങ്ങളുടെയും പട്ടിക ഗതാഗത മന്ത്രാലയം പോലീസിന് കൈമാറി. പെട്രോൾ പമ്പുകളിൽ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനായി ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ പ്രത്യേക സംഘത്തെ വിന്യസിക്കുമെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായി അറിയിച്ചു. ഡൽഹിയിൽ പൊതുഗതാഗതം സുഗമമാക്കുന്നതിന് 1000 സ്വകാര്യ സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾക്ക് നാളെ തുടക്കമിടുമെന്നും മന്ത്രി വ്യക്തമാക്കി.
Comments