പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ഡിസംബർ ഒന്ന് മുതൽ പ്രതിദിനം 50,000 പേർക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം. ബുക്ക് ചെയ്ത എത്ര പേർ ഇപ്പോഴത്തെ സാഹചര്യത്തിൽ ദർശനത്തിന് എത്തുന്നുവെന്നത് കണക്കിലെടുത്ത് തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സാധ്യത.
പ്രതിദിന കൊറോണ രോഗികളുടെ നിരക്ക് വീണ്ടും കുറഞ്ഞാൽ, കാലാവസ്ഥ അനുകൂലമായാൽ അടുത്ത മാസം മുതൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിച്ചേക്കും. തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണം കൂടുകയാണെങ്കിൽ നീലിമല പാത കൂടി തുറന്ന് നൽകാനാണ് സാധ്യത.
ആദ്യ ദിവസത്തേക്കാൾ കൂടുതൽ പേർ ഇന്ന് ദർശനത്തിനെത്തിയിരുന്നു. വെർച്ച്വൽ ക്യൂ വഴി 14,500 പേരാണ് ബുക്ക് ചെയ്തിരുന്നത്. അതേസമയം നിലയ്‌ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും നിലവിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. തീർത്ഥാടന കാലം ആരംഭിച്ചിട്ടും നിലയ്‌ക്കലിൽ ശുചിമുറി, കുടിവെള്ളം, ഹോട്ടൽ തുടങ്ങിയ സൗകര്യങ്ങൾ ഒന്നും തന്നെ ആവശ്യത്തിന് ഉണ്ടായിരുന്നില്ല. മാദ്ധ്യമ വാർത്തകളെ തുടർന്നാണ് വിഷയത്തിൽ ദേവസ്വം മന്ത്രി ഇടപെട്ടത്.
















Comments