മുംബൈ: പെർഫോമൻസ് ഹാച്ച്ബാക്കായ എഎംജി എ45 എസ് ഇന്ത്യയിൽ അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. ഒരു കംപ്ലീറ്റ്‌ലി ബിൽഡ് യൂണിറ്റായാണ്(സിബിയു) നിർമ്മാതാക്കൾ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. എ-ക്ലാസ് ലിമോസിൻ, ജിഎൽഎ, എഎംജി എ35 4 മാറ്റിക്, എഎംജി ജിഎൽഎ 35 4 മാറ്റിക് എന്നീ എ-ക്ലാസ് ശ്രേണിയിലേയ്‌ക്കാണ് പുതിയ അംഗത്തിന്റെ വരവ്. വാഹനം നവംബർ 19 മുതൽ ഇന്ത്യയിൽ വിൽപ്പനക്കെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്.
എഎംജി-സ്റ്റൈൽ പാനമേരിക്കാന ഗ്രിൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പ്, വലിയ എയർ ഡാമുകൾ, ഇന്റഗ്രേറ്റഡ് സ്പ്ലിറ്റർ എന്നിവയാണ് വാഹനത്തിന്റെ മുൻ വശം അലങ്കരിക്കുന്നത്. ലോ പ്രൊഫൈൽ ടയറോടു കൂടിയ 19-ഇഞ്ച് അലോയി വീലുകളും, പിന്നിൽ വളരെ വ്യക്തമായ റിയർ ഡിഫ്യൂസറും, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ലഭിക്കുന്നു.
ബാഹ്യ സൗന്ദര്യം പോലെ തന്നെ വാഹനത്തിന്റെ ക്യാബിനും സ്‌പോർട്ടി ലുക്കാണ് നൽകുന്നത്. മനുഷ്യ നിർമ്മിതമായ ബ്ലാക്ക് ആർട്ടിക്കോ ലെതർ, ഡൈനാമിക്ക മൈക്രോ ഫൈബർ, എന്നിവയുടെ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ട്രിം പാറ്റേണും സംയോജിപ്പിച്ച് വരുന്ന ബക്കറ്റ് ശൈലിയിലുള്ള സ്‌പോർട് സീറ്റുകളാണ് കാറിന് ലഭിക്കുന്നത്. എഎംജി സ്റ്റിയറിംഗ് വീൽ ബട്ടണുകൾ, എഎംജി ലോഗോ, കൂടാതെ ആംബിയൻസ് ലൈറ്റിംഗ് എന്നിവയും അകത്തളത്തിലെ സവിശേഷതകളാണ്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി രണ്ട് വ്യത്യസ്ത സ്‌ക്രീനുകളുള്ള മെഴ്‌സിഡസിന്റെ സിഗ്‌നേച്ചർ സിംഗിൾ യൂണിറ്റ് ഡിസ്‌പ്ലേയും കാറിന് ലഭിക്കുന്നു.
വാഹനത്തിൽ 2.0 ലിറ്റർ എഞ്ചിനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ മോട്ടോറാണെന്ന് കമ്പനി വെളിപ്പെടുത്തി. ഈ യൂണിറ്റ് 416 ബിഎച്പി കരുത്തും 500 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. സാധാരണ എ45 നെ അപേക്ഷിച്ച് 30 ബിഎച്പി അധിക കരുത്താണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
















Comments