പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്താൻ പോലീസ് തയ്യാറെടുക്കുന്നു. ഉത്തര മേഖല ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്രതികളിൽ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിടും. പ്രതികൾ സഞ്ചരിച്ച കാറിന്റെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കാറിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തു വിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി എസ്.ഡി.പി.ഐ പ്രവർത്തകരെ ഇതിനകം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ല. പ്രധാന നേതാക്കളെ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കിയതും പോലീസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
കണ്ണനൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വടിവാളുകളുടെ ശാസ്ത്രീയ പരിശോധന ഫലവും പുറത്തുവരാനുണ്ട്. മണ്ണാർക്കാട് കൂട്ടിലക്കടവ് പൊമ്പ്രയിൽ കണ്ടെത്തിയ മാരകായുധങ്ങളും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് തീരുമാനം.
തിങ്കളാഴ്ച രാവിലെയാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ ജോലിക്ക് പോകുകയായിരുന്ന സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയത്. കാറിൽ വന്ന അഞ്ചംഗ കൊലപാതകസംഘം വാഹനമിടിപ്പിച്ച് നിലത്തിട്ട ശേഷം മാരകമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകായുധങ്ങൾ കൊണ്ടുളള 31 മുറിവുകളാണ് സഞ്ജിത്തിന്റെ തലയിൽ ഉൾപ്പെടെ ഉണ്ടായിരുന്നത്.
















Comments