ശ്രീനഗർ: നിർദ്ധനരായ വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. അനന്ത്‌നാഗ് ജില്ലയിലെ 40 വനിതകൾക്കാണ് സൗജന്യമായി മെഷീനുകൾ ലഭിച്ചത്. ഇന്ത്യൻ ആർമിയുടെ രാഷ്‌ട്രീയ റൈഫിൾസ് ബറ്റാലിയനാണ് സ്ത്രീശാക്തീകരണ പദ്ധതിയുമായി എത്തിയത്.
ഇത്തരം പദ്ധതികൾ സൈന്യവും പ്രദേശവാസികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ സ്വയംപര്യാപത്തത കൈവരിക്കുന്നതിനായി പ്രദേശത്തെ സ്ത്രീകൾക്ക് 45 ദിവസത്തെ സൗജന്യ തയ്യൽ ക്ലാസുകൾ സൈന്യം ഏർപ്പെടുത്തിയിരുന്നു. തയ്യൽ ക്ലാസിന്റെ സർട്ടിഫിക്കറ്റുകളും വനിതകൾക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്.
ഇന്ത്യൻ സൈന്യം സ്വീകരിച്ച വളരെ മികച്ച ഒരു സംരംഭമാണ് ഇതെന്നാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർപേഴ്‌സൺ ചൗധരി മുംതാസ് ഖതാന പറഞ്ഞത്. രണ്ട് മാസത്തെ പരിശീലനം കൊണ്ട് പ്രദേശത്ത് 40 സ്ത്രീകൾക്കാണ് തയ്യൽ മെഷീനുകൾ ലഭിച്ചത്. ഇപ്പോൾ അവർക്ക് ജോലി ചെയ്ത് ഉപജീവനം കണ്ടെത്താം. യുവാക്കൾക്കായി സൈന്യം ഇത്തരത്തിലുള്ള പരിശീലനം സംഘടിപ്പിക്കണമെന്നും അവർ പറഞ്ഞു.
ഗ്രാമത്തിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാനായാണ് ഇത്തരത്തിലുള്ള സംരംഭങ്ങൾ സൈന്യം ആരംഭിക്കുന്നതെന്ന് പ്രദേശവാസി പറഞ്ഞു. ആൺകുട്ടികൾക്ക് തൊഴിൽ ലഭിക്കുന്നതിന് പരിശീലന പരിപാടികൾ ആരംഭിക്കണമെന്നും അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു. ഗ്രാമത്തിലെ സ്ത്രീകളെ സ്വതന്ത്രമായി ജോലി ചെയ്യാനും വരുമാനമുണ്ടാക്കാനും പദ്ധതി പ്രോത്സാഹിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
















Comments