പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്‌നാട് നൽകിയിട്ടും കേരളം ജനങ്ങളെ അറിയിച്ചില്ല. അണക്കെട്ട് തുറന്നത് മൂലം പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി.
ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും, പോലീസിനെയും, ജില്ല കളക്ടറെയും അറിയിച്ചിരുന്നു എ്ന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച വിവരം ജനങ്ങൾക്ക് നൽകിയിരുന്നില്ല. രാവിലെ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതോടെയാണ് ജനങ്ങൾ ഡാം തുറന്നത് അറിഞ്ഞത്.
കനത്ത മഴയെത്തുടർന്നാണ് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. മുന്നറിയിപ്പ് നൽകാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാലക്കാട് തിരുനെല്ലായി പാലം ഉപരോധിച്ചു. തുടർന്ന് പോലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് തമിഴ്‌നാട് ആളിയാർ ഡാം തുറന്നുവിട്ടത്. സെക്കൻറിൽ ആറായിരം ഘനയടി വെള്ളമാണ് തുറന്നത്, ഇതോടെ പാലക്കാട് ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളം കുത്തിയൊലിച്ചു വന്നു.
അപ്രതീക്ഷിതമായി വെള്ളം വന്നത് ജനങ്ങളെ ആകെ പരിഭ്രാന്തിയിലാക്കി, തമിഴ്‌നാട് ഡാം തുറക്കുന്നത് കൃത്യമായി കേരളത്തെ അറിയിച്ചിരുന്നെങ്കിലും, കേരളം അത് ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയതാണ് ആശങ്കയ്‌ക്കിടയാക്കിയത്.
















Comments