തിരുവനന്തപുരം: ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യേഗസ്ഥനെ അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
തമിഴ്‌നാട് അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അവിടുന്ന് താഴേക്കുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തി. അണക്കെട്ട് തുറക്കുന്ന വിവരം റവന്യൂ മന്ത്രി അടക്കം അറിഞ്ഞതാണ്. ജനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നതായി റവന്യൂ മന്ത്രി അറയിച്ചിരുന്നു എന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
അണക്കെട്ട് തുറന്ന് ഏഴു, എട്ടു മണിക്കൂർ കൊണ്ടാണ് കേരളത്തിൽ ജലം എത്തിയത്. നിലവിൽ മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ജലനിരപ്പുള്ളത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹര്യം ഇല്ലെന്ന് മന്ത്രി അറിയിച്ചു.
ഡാമിലെ ജലം ഇരു സംസ്ഥാനങ്ങളും സംയുക്തമായ അളവുകളിലാണ് ശേഖരിക്കുന്നത്. തമിഴ്‌നാടും കേരളവും തമ്മിൽ പ്രശ്‌നം ഉണ്ട് എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന് ഇവിടെ പ്രസക്തി ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംയുക്തമായി പല കാര്യങ്ങലും ആലോചിച്ചു പോകേണ്ട സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കേരളവും. മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും ചേർന്നുള്ള ആലോചനകളും ചർച്ചകളും അനിവാര്യമാണെന്ന് മന്ത്രി അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് തമിഴ്‌നാട് ആളിയാർ ഡാം തുറന്നുവിട്ടത്. സെക്കൻറിൽ ആറായിരം ഘനയടി വെള്ളമാണ് തുറന്നത്, ഇതോടെ പാലക്കാട് ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളം കുത്തിയൊലിച്ചു വന്നു.
അപ്രതീക്ഷിതമായി വെള്ളം വന്നത് ജനങ്ങളെ ആകെ പരിഭ്രാന്തിയിലാക്കി, തമിഴ്‌നാട് ഡാം തുറക്കുന്നത് കൃത്യമായി കേരളത്തെ അറിയിച്ചിരുന്നെങ്കിലും, കേരളം അത് ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയതാണ് ആശങ്കയ്‌ക്കിടയാക്കിയത്.
















Comments