ഭോപ്പാൽ: രാജ്യത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ കൊമേഡിയനും നടനുമായ വീർദാസിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഇത്തരം വിദൂഷകരെ സംസ്ഥാനത്തെ വേദികളിൽ പരിപാടി അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വീർദാസ് മാപ്പ് പറഞ്ഞാൽ മാത്രം തീരുമാനം പുനപ്പരിശോധിക്കാമെന്നും നരോത്തം മിശ്ര വ്യക്തമാക്കി. അടുത്തിടെ അമേരിക്കയിൽ നടന്ന ഒരു പരിപാടിയിലാണ് വീർദാസ് രാജ്യത്തെഅപമാനിക്കുന്ന പരാമർശം നടത്തിയത്. താൻ രണ്ട് ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും ഒന്ന് പകൽ സ്ത്രീകളെ പുരുഷൻമാർ ആരാധിക്കുന്ന ഇന്ത്യയും മറ്റൊന്ന് അവരെ രാത്രിയിൽ കൂട്ടബലാത്സംഗത്തിനിരയാക്കുന്ന ഇന്ത്യയും എന്നായിരുന്നു പരാമർശം.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് താരത്തിനെതിരെ ഉയരുന്നത്. വിഷയത്തിൽ വീർദാസിന് അനുകൂല നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെയും നരോത്തം മിശ്ര വിമർശിച്ചിരുന്നു. രാഹുലിനെപോലുളള നേതാക്കൾക്ക് വീർദാസിനെപ്പോലുളള കോമാളികളോടാണ് താൽപര്യം കാരണം വിദേശരാജ്യങ്ങളിൽ അവരെപ്പോലെ തന്നെ ഇവരും ഭാരതത്തെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശരാജ്യത്ത് ഇന്ത്യയെ അപമാനിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥും ഇതേ രീതിയിൽ പെരുമാറിയിട്ടുണ്ട്. ഇത്തരം ആളുകളെ വിദൂഷകർ എന്ന് മാത്രമേ താൻ വിളിക്കൂവെന്നും നരോത്തം മിശ്ര പറഞ്ഞു.
















Comments