പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി പമ്പയിലും നിലയ്‌ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. തീർഥാടകർക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.
നിലയ്‌ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മാലിന്യ നിർമ്മാജന സംവിധാനങ്ങൾ, സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം, ആരോഗ്യവകുപ്പ് ക്രമീകരണം, നിലയ്‌ക്കൽ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം, സുരക്ഷാ ക്രമീകരണം, വിവിധ വകുപ്പുകളുടെ ക്രമീകരണം, പമ്പ ത്രിവേണി, ഷവർ ബാത്ത് കേന്ദ്രം, കുളികടവുകളിലെ ക്രമീകരണം, നുണങ്ങാർ എന്നിവിടങ്ങളിലെത്തി കളക്ടർ സൗകര്യങ്ങൾ വിലയിരുത്തി.
പമ്പാ സ്‌നാനം സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിയുമായി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ തീർഥാടകരുമായി ജില്ലാ കളക്ടർ ആശയവിനിമയം നടത്തി. ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പമ്പയിൽ ബാരിക്കേഡ് നിർമ്മിക്കുമെന്നും സ്വീവേജ് പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയായിവരികയാണെന്നും കളക്ടർ പറഞ്ഞു.
പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എല്ലാ ശുചിമുറികളും നിലയ്‌ക്കലിൽ 250 ശുചിമുറികളും തുറന്നിട്ടുണ്ട്. ഇവിടെയുള്ള കണ്ടെയ്‌നർ, സ്ഥിരം ശുചിമുറികളിൽ ഉപയോഗ്യമായ ബാക്കിയുളളവ 24 മണിക്കൂറിനുള്ളിൽ സജ്ജമാക്കും. ഇവിടങ്ങളിലെ ശുചിമുറികൾ ശബരിമല സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകരെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. ഇതിനായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
തുടർച്ചയായി പെയ്ത കനത്ത മഴയും ന്യൂന മർദ്ദവും നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിലയ്‌ക്കൽ ബേസ് ക്യാമ്പിന് സമീപമുളള റോഡിലെ വെള്ളക്കെട്ട് 48 മണിക്കൂറിനുള്ളിൽ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നൽകി. നിലയ്‌ക്കൽ ബേസ് ക്യാമ്പിൽ പാർക്കിംഗ് മേഖല തിരിച്ചറിയുന്നതിനായി സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.
















Comments