കണ്ണൂർ: മേൽവിലാസക്കാന്റെ അനുവാദമില്ലാതെ അനധികൃതമായി കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റ്മാനും പോസ്റ്റൽ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ വിധിച്ച് കോടതി. 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. താവക്കരയിലെ ടിവി ശശിധരൻ എന്ന ആർട്ടിസ്റ്റ് ശശികലയാണ് പരാതിക്കാരൻ.
ചിറക്കൽ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായിരുന്ന എം വേണുഗോപാൽ, പോസ്റ്റൽ സൂപ്രണ്ട് കെ ജി ബാലകൃഷ്ണൻ എന്നിവർക്കാണ് പിഴയിട്ടത്. 2008 ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം. പുതിയപുരയിൽ ഹംസക്കുട്ടി എന്നയാൾക്ക് ടിവി ശശിധരൻ എഴുതിയ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച് ഉള്ളടക്കം കൈമാറിയ ശേഷം ആൾ സ്ഥലത്തില്ലെന്ന് റിമാർക്സ് രേഖപ്പെടുത്തി തിരിച്ചയച്ച സംഭവത്തിലാണ് നടപടി.
പോസ്റ്റ്മാനായ വേണുഗോപാലൻ കത്തിലെ വിവരങ്ങൾ ഹംസക്കുട്ടിക്ക് ചോർത്തി നൽകിയെന്നും പരാതിക്കാരൻ ഉന്നയിച്ചിരുന്നു. കരാറുകാരനായ ഹംസക്കുട്ടി പണം വാങ്ങിയ ശേഷം കൃത്യസമയത്ത് വീട് നിർമാണം പൂർത്തിയാക്കി നൽകിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് ശശിധരൻ കത്തെഴുതിയത്. കത്തിലെ വിവരങ്ങൾ മനസ്സിലാക്കിയ ഹംസക്കുട്ടി വീടും പുരയിടവും മറിച്ചുവിറ്റതായി ശശിധരൻ ആരോപിച്ചിരുന്നു.
തുടർന്ന് പോസ്റ്റ്മാൻ, പോസ്റ്റൽ ഓഫിസർ എന്നിവരെ പ്രതിചേർത്ത് പരാതി നൽകി. എന്നാൽ വകുപ്പുതല അന്വേഷണത്തിൽ വേണുഗോപാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചെങ്കിലും മൂന്ന് മാസത്തിന് ശേഷം അതേ പോസ്റ്റ് ഓഫിസിൽ നിയമനം നൽകി. ഇതിനെതിരെ ശശിധരൻ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സമുന്നയിച്ച് കേസ് തള്ളി.
തുടർന്ന് സംസ്ഥാന കമ്മീഷനെ സമീപിച്ചു. ശശിധരൻ സ്വന്തമായിട്ടാണ് കേസ് വാദിച്ചത്. രവി സുഷ, മോളിക്കുട്ടി മാത്യു, കെപി സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരുവരും 50000 രൂപ വീതം രണ്ട് മാസത്തിനകം നൽകണം. വൈകിയാൽ എട്ട് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
















Comments