പത്തനംതിട്ട: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും കക്കി ഡാം തുറന്നതും കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിന് ഇന്ന് (ശനിയാഴ്ച) നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ. പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്രയാണ് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ നിരോധിച്ചത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിൽ റെഡ് അലെർട്ട് പുറപ്പെടുവിച്ചിരുന്നു. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാണ് നടപടിയെന്ന് കളക്ടർ വിശദീകരിച്ചു.
ജലനിരപ്പ് കുറയുന്ന മുറയ്‌ക്ക് ഏറ്റവും അടുത്തുതന്നെ വെർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ കൂടിയാണ് നടപടി. രാത്രി ഒൻപത് മണി മുതലാണ് പമ്പ ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. തീർഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
















Comments