ആഡംബര വാഹന നിർമ്മാണ രംഗത്തെ മുടിചൂടാ മന്നൻമാരെന്നാണ് റോൾസ് റോയ്സിനെ വിശേഷിപ്പിക്കാറ്. കാര്യക്ഷമതയും തലയെടുപ്പും ഒത്തിണങ്ങിയതിനാൽ സമ്പന്നരുടെ ഇഷ്ടവാഹനം കൂടിയാണിത്. ഒന്നാം ലോക മഹായുദ്ധകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട റോൾസ് റോയിസ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ വാഹന പ്രേമികളുടെ മനസ്സിൽ കയറിപ്പറ്റി. പല വമ്പൻമാരും വാഹനം സ്വന്തമാക്കി വാർത്തകളിൽ ഇടം പിടിച്ചു. എന്നാലിപ്പോഴിതാ റോൾസ് റോയിസിനെ ചുറ്റിപ്പറ്റി ഉയർന്ന ഒരു വിവാദത്തെ സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഒരു ഇന്ത്യൻ മഹാരാജാവ് മാലിന്യങ്ങൾ ശേഖരിക്കാൻ റോഴ്സ് റോയിസ് ഉപയോഗിച്ചുവെന്നാണ് പ്രചരിക്കുന്നത്. എന്താണ് ഇതിലെ യാഥാർത്ഥ്യം ?? കിംവതന്തിയോ അതോ സത്യമോ?
റോൾസ് റോയ്‌സ് മാലിന്യം ശേഖരിക്കാനായി ഉപയോഗിച്ച കഥ പ്രചരിക്കുന്നത് ഇങ്ങനെയാണ്. ഒരിക്കൽ അൽവാറിലെ രാജാവായിരുന്ന ജെയ് സിംഗ് പ്രഭാകർ ലണ്ടൻ സന്ദർശിക്കുകയുണ്ടായി. കൊട്ടാരത്തിനു പുറത്ത് രാജാവ് രാജകീയ വസ്ത്രങ്ങൾ ധരിക്കാറില്ലായിരുന്നു. ഇത്തരത്തിൽ രാജകീയപ്രൗഢി ഉപേക്ഷിച്ചെത്തിയ ജെയ് സിംഗ് ലണ്ടനിലെ ആർക്കും തിരിച്ചറിയാൻ സാധിച്ചില്ല. അങ്ങനെയിരിക്കെ മഹാരാജ് ലണ്ടൻ നഗരം ചുറ്റിക്കാണാനിറങ്ങി. അവിടുത്തെ റോൾസ് റോയ്സിന്റെ ഷോറൂമിനുള്ളിൽ പ്രദർശനത്തിനു വെച്ച റോൾസ് റോയ്സ് ഫാന്റം ടൂറർ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. കൊട്ടാരത്തിലേയ്‌ക്ക് അഞ്ച് കാറുകൾ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. കാറിന്റെ വിലയും മറ്റ് വിശദാംശങ്ങളും തിരക്കാൻ അദ്ദേഹം ഷോറൂമിന്റെ ഉള്ളിലേയ്‌ക്ക് പ്രവേശിക്കാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വസത്രാലാങ്കാരമെല്ലാം കണ്ട ഷോറൂം ജീവനക്കാർ രാജാവിനെ അകത്തേയ്‌ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.
ഇതിൽ രോക്ഷാകുലനായ രാജാവ് അദ്ദേഹം താമസിച്ച ലണ്ടനിലെ ഹോട്ടലിലെത്തി തന്റെ പരിചാരകരെ വിളിപ്പിച്ചു ഉടൻ തന്നെ റോൾസ് റോയ്സിന്റെ ഷോറൂമിൽ വിളിച്ച് അൽവാറിലെ രാജാവ് കാർ വാങ്ങാൻ എത്തുന്ന വിവരം അറിയിക്കാൻ ജെയ് സിംഗ് പരിചാരകരോട് കൽപ്പിച്ചു. വിവരം അറിഞ്ഞ ഷോറൂം ഉടമസ്ഥൻ രാജാവിനെ ആനയിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ചുവന്ന പരവതാനി വിരിച്ച് രാജാവിനെ അവർ സ്വീകരിച്ചു. അദ്ദേഹം തന്റെ രാജകീയ വേഷത്തിലായിരുന്നു വാഹനം വാങ്ങാൻ എത്തിയത്. അദ്ദേഹത്തെ കണ്ട് മുൻപ് പരിഹസിച്ച സെയിസ്മാന്മാർ പോലും ജെയ് സിംഗിന്റെ മുന്നിൽ തൊഴുതു നിന്നു.
ഷോറൂമിൽ അവശേഷിച്ച എല്ലാ കാറുകളും അദ്ദേഹം മുഴുവൻ പണം നൽകി സ്വന്തമാക്കി. കാർ രാജ്യത്തെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത ശേഷം അദ്ദേഹവും ഇന്ത്യയിലേയ്‌ക്ക് മടങ്ങി. കാറുകൾ ഇന്ത്യയിലെത്തിയ ശേഷം അദ്ദേഹം വാങ്ങിയ മുഴുവൻ റോൾസ് റോയ്സ് കാറുകളും അൽവാർ മുൻസിപ്പാലിറ്റിയ്‌ക്ക് കൈമാറി. ലോകമെമ്പാടുമുള്ള ധനികർക്കിടയിൽ മാത്രം കണ്ടുവന്നിരുന്ന റോൾസ് റോയ്സ് വാഹനങ്ങൾ ചവറു വണ്ടികളാക്കാൻ അദ്ദേഹം ഉത്തരവിട്ടു. അത്യാഡംബര വാഹനം ചവറുകൾ ശേഖരിക്കാൻ ഉപയോഗിച്ച ആദ്യ മുൻസിപ്പാലിറ്റിയായി മാറി അൽവാർ. ഈ വാർത്ത ലോകമുഴുവൻ പടർന്നു. ഇന്ത്യൻ മഹാരാജാവിന്റെ ഈ തിരുമാനം റോൾസ് റോയ്സിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. പിന്നീട് കമ്പനിയുടെ തലവന്മാർ അദ്ദേഹത്തോട് ക്ഷമാപണം നടത്തി.
എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഈ ക്ഥയ്‌ക്ക് പിന്നിലെ സത്യം എന്താണ്. ആദ്യം മഹാരാജാ ജെയ് സിംഗ് ആരാണെന്ന് നോക്കാം. 1688ലാണ് ജെയ് സിംഗ് ജനിച്ചത്. മരിച്ചതാകട്ടെ 1743 സെപ്റ്റംബറിലും. ചരിത്രത്തിലാദ്യമായി കാൾ ബെൻസ് കാർ നിർമ്മാണം ആരംഭിച്ചതാകട്ടെ 1885ലും. കൂടാതെ, 1906ലാണ് റോൾസ് റോയ്‌സ് പ്രവർത്തനമാരംഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ മഹാരാജാ ജെയ് സിംഗിന്റെ പേരിൽ പ്രചരിക്കുന്ന കഥ അടിസ്ഥാന രഹിതമാണ്. സമാനമായ കഥ ഇന്ത്യയിലെ പല രാജാക്കന്മാരുടെ പേരിലും പ്രചരിക്കുന്നുണ്ട്. ഇനി ചിലർ പറയുന്നു അൽവാറിലെ ജെയ് സിംഗ് മഹാരാജാവാണ് ഇത്തരത്തിൽ റോൾസ് റോയ്‌സ് കാർ മാലിന്യം ശേഖരിക്കാൻ ഉപയോഗിച്ചതെന്ന്. എന്നാൽ ഈ അവകാശവാദത്തിനും അടിസ്ഥാനമില്ലെന്നതാണ് വാസ്തവം.
Comments