തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തിനുള്ള സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സംവരണ രീതികളിൽ മാറ്റമുണ്ടാകില്ലെന്നും സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ അറിയിച്ചു. മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ആവശ്യമായിരുന്നു. 10 ശതമാനം സംവരണം നൽകുന്നതിന്റെ പേരിൽ ചിലർ വിവാദമുണ്ടാക്കാൻ ശ്രമിച്ചു. ജാതി സംവരണമല്ല സാമ്പിത്തികമാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സർവ്വേ നടത്തും. സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്. ബാക്കി 50 ശതമാനത്തിൽ 10 ശതമാനം സംവരണം മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് നൽകുന്നത് സംവരണവിരുദ്ധ നിലപാടായി മാറുന്നില്ല. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കും സംവരണം ആവശ്യമാണ്. ഏറ്റവും ഇക്കാര്യത്തിൽ സാമ്പത്തികമാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കായിരിക്കും സംവരണം.
സർക്കാർ ഉദ്യോഗങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് സംവരണം നൽകുക. ഭരണഘടനയുടെ 15,16 വകുപ്പുകളിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഇതോടെ ജനറൽ കാറ്റഗറിയിൽ നിൽക്കുന്നവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു.
















Comments